കൊച്ചി: സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ കടയുടമകൾക്ക് കമീഷൻ ഇനത്തിലെ കുടിശ്ശിക നൽകാത്തതിനെതിരെ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി. ഓണക്കിറ്റും സൗജന്യ കിറ്റും വിതരണം ചെയ്ത റേഷൻ കടയുടമകൾക്ക് രണ്ടു മാസത്തിനകം കുടിശ്ശിക നൽകണമെന്ന ഹൈകോടതി ഉത്തരവിൽ നടപടികളെടുക്കാൻ പോലും തയാറായിട്ടില്ലെന്ന് കാട്ടി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി ബേബി തോമസാണ് ഹരജി നൽകിയിരിക്കുന്നത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് സർക്കാറിന്റെ വിശദീകരണം തേടി.
റേഷൻ കടയുടമകൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ കമീഷൻ നിരസിക്കാനാവില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് ഫെബ്രുവരി രണ്ടിനാണ് കോടതി പുറപ്പെടുവിച്ചത്. ഓണക്കിറ്റ് വിതരണത്തിന് അഞ്ചു രൂപ നിരക്കിലും കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഏഴു രൂപ നിരക്കിലുമാണ് കമീഷൻ നൽകേണ്ടത്.
കുടിശ്ശിക വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.