മണ്ണാർക്കാട്: നേതൃനിരയിലെ ചേരിപ്പോരിലും അച്ചടക്കനടപടികളിലും ആടിയുലഞ്ഞ് പാലക്കാട് ജില്ലയിലെ ഇടതുമുന്നണി. പ്രധാന ഘടകകക്ഷികളായ സി.പി.ഐയും സി.പി.എമ്മും ഒരുപോലെ നേതാക്കളുടെ ചേരിപ്പോരിന്റെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞദിവസം സി.പി.എം ജില്ല കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ പി.കെ. ശശിക്കെതിരെ നടപടിയെടുത്തെന്നും മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടെന്നുമുള്ള വാർത്ത മണിക്കൂറുകൾ തികയും മുമ്പേ നേതാക്കൾ നിഷേധിച്ചെങ്കിലും മണ്ണാർക്കാട്ടെ ഇടതുമുന്നണിയെ ശോഷിപ്പിക്കുന്ന തരത്തിലേക്ക് വളർന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതുഇടങ്ങളിലും ചർച്ചയാണ്.
മണ്ണാർക്കാട്ടെ സി.പി.എമ്മിൽ കാലങ്ങളായി വിഭാഗീയതയും വെട്ടിനിരത്തലുമെല്ലാം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും ഈ ചേരിപ്പോര് സ്വാധീനിച്ചതായി പരാതി ഉയർന്നിരുന്നു. സി.പി.എമ്മിന്റെ സംഘടന അച്ചടക്കത്തെ നോക്കുകുത്തിയാക്കുന്ന തരത്തിൽ ഇത്തരം ചേരിതിരിഞ്ഞുള്ള വിഴുപ്പലക്കൽ പരസ്യമായി പുറത്തുവരുന്നുണ്ടെന്ന് മാത്രമല്ല പലപ്പോഴും കൈയാങ്കളിയിലും എത്തിയിട്ടുമുണ്ട്. നേരത്തേ രഹസ്യമായി സംഘടന തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തൽ ആയിരുന്നെങ്കിൽ ഇപ്പോൾ അഴിമതി ആരോപണങ്ങളും പരാതികളും അങ്ങാടിപ്പാട്ടാണ്.
പാർട്ടിക്കകത്ത് ശക്തനായിരുന്ന പി.കെ. ശശിയുടെ തട്ടകമായ മണ്ണാർക്കാട്ട് വിശ്വസ്തരെന്ന് കരുതിയിരുന്നവർ കളംമാറിയതോടെ നിലവിൽ പാർട്ടി രണ്ടു ചേരിയാണ്. ഈ ചേരിതിരിവ് ഉയർത്തിവിട്ട അഴിമതി ആരോപണങ്ങളും പാർട്ടി ഘടകങ്ങളിലും അല്ലാതെയും നൽകിയ പരാതികളും പാർട്ടിയുടെ അഭിമാന സ്ഥാപനങ്ങളെ പോലും സംശയത്തിന്റെ കരിനിഴലിലാക്കുന്ന രീതിയിലേക്ക് വളർന്നു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങൾ കോടതി കയറുന്ന സാഹചര്യവും ഉണ്ടായി.
നിലവിൽ സി.പി.ഐയുടെ അവസ്ഥയും വ്യത്യസ്തമല്ല. സി.പി.ഐയിൽ മണ്ണാർക്കാട്ടുനിന്ന് ഉടലെടുത്ത തർക്കങ്ങൾ അവസാനം പാലക്കാട് ജില്ലയിൽ സേവ് സി.പി.ഐ ഫോറം രൂപവത്കരിക്കുന്നതിൽ എത്തിനിൽക്കുന്നു. എ.ഐ.വൈ.എഫ് വനിത നേതാവിന്റെ മരണം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളും സി.പി.ഐക്ക് പ്രതിസന്ധി തീർക്കുന്നുണ്ട്. ചേരിതിരിഞ്ഞുള്ള വിഴുപ്പലക്കലുകൾ വരാൻപോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇടത് അനുഭാവികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.