തിരുവനന്തപുരം: റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് അടുത്ത മന്ത്രിസഭാ യോഗത്തിൽ ആവശ്യപ്പെടാൻ റവന്യൂ മന്ത്രിക്ക് സി.പി.ഐയുടെ നിർദേശം. റവന്യൂ സെക്രട്ടറിയെ മാറ്റാൻ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അതു നടത്തിയെടുക്കാനോ തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ച ചെയ്യിക്കാനോ കഴിഞ്ഞില്ല. അതിനാൽ വീണ്ടും ഇതേ ആവശ്യം ഉന്നയിക്കാൻ പാർട്ടി ഔദ്യോഗികമായി മന്ത്രി ഇ. ചന്ദ്രശേഖരനെ അറിയിച്ചതായാണ് വിവരം. റവന്യൂ വകുപ്പിൽ മന്ത്രി അറിയാതെ പി.എച്ച്. കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്നതാണ് സി.പി.ഐയുടെ മുഖ്യപരാതി.
ലോ അക്കാദമി ഭൂമി തിരിച്ചെടുക്കുന്നത് മുതൽ മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കൈയേറ്റം വരെയുള്ള സംഭവങ്ങളിൽ പി.എച്ച്. കുര്യൻ റവന്യൂ വകുപ്പിെൻറ നിർദേശം പാലിക്കുന്നില്ലെന്നാണ് സി.പി.ഐ നേതാക്കളുടെ വിമർശനം. അക്കാദമി ഭൂമിയുടെ കാര്യത്തിൽ റിപ്പോർട്ട് ലഭിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. മൂന്നാർ കൈയേറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശമനുസരിച്ചാണ് കുര്യൻ പ്രവർത്തിച്ചത്. അതനുസരിച്ച് കൈയേറ്റം ഒഴിപ്പിക്കുന്നതിൽനിന്ന് റവന്യൂ വകുപ്പിന് പിൻവാങ്ങേണ്ടിവന്നു.
മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച ഹരിത ട്രൈബ്യൂണലിലെ കേസിൽ ഉറച്ച നിലപാട് സ്വീകരിച്ച അഡീഷനൽ എ.ജി. രഞ്ജിത് തമ്പാനെ മാറ്റാനും മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമം നടത്തി. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നതും കുര്യനാണെന്നാണ് പ്രധാന ആരോപണം. മുൻസർക്കാറിെൻറ കാലത്ത് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കുര്യൻ വിവാദ ഉത്തരവുകളിറക്കിയ കാര്യവും പാർട്ടി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കുര്യന് മുഖ്യമന്ത്രിയുടെ ഓഫിസിെൻറ പിന്തുണയുള്ളതിനാൽ സി.പി.ഐയുടെ ആവശ്യം പരിഗണിക്കുമോയെന്ന് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.