തിരുവനന്തപുരം: പ്രായപരിധിയിൽ ഉറച്ചുനിന്ന് നേതൃത്വത്തിനെതിരായ അപസ്വരങ്ങൾ വെട്ടിനിരത്തിയെങ്കിലും തലമുതിർന്ന നേതാക്കളെ 'പുനരധിവസിപ്പി'ക്കാൻ സി.പി.ഐ ആലോചന. പ്രവർത്തക-നേതൃതലത്തിലെ പ്രായാധിക്യം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കുടഞ്ഞുകളയുകയാണ്. യുവാക്കൾക്ക് എല്ലാ കമ്മിറ്റിയിലും 40 ശതമാനവും വനിതകൾക്ക് 15 ശതമാനവും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് പുറമേ പട്ടികജാതി-വർഗ പ്രാതിനിധ്യത്തിലും ആനുപാതിക വർധന ഉറപ്പാക്കിയാണ് സംസ്ഥാന സമ്മേളനങ്ങൾ പൂർത്തീകരിക്കുന്നത്. ഇനി ഛത്തീസ്ഗഡ് സംസ്ഥാന സമ്മേളനമാണ് ബാക്കിയുള്ളത്.
എല്ലാതലത്തിലും പൂർണ ആധിപത്യമാണ് ഔദ്യോഗിക വിഭാഗത്തിന് സംഘടനതലത്തിൽ ലഭിച്ചത്. സി.പി.എമ്മിന് സമാനമായി പക്ഷം ഏതെന്ന ചോദ്യം അപ്രസക്തമാക്കുന്ന തരത്തിലാണ് വിമതരെ വീഴ്ത്തിയത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പ്രസംഗത്തിൽ പാർട്ടിയിൽ ഇനി ഒരുപക്ഷം -പാർട്ടി പക്ഷം മാത്രമേയുള്ളൂവെന്ന് കാനം പറഞ്ഞത് ഈയർഥത്തിലാണ്. അധികാരം കൈപ്പിടിയിലായെങ്കിലും തലമുതിർന്ന നേതാക്കളെ വീട്ടിലിരുത്തരുതെന്ന അഭിപ്രായം നേതൃതലത്തിൽ ശക്തമാണ്. സി.പി.എം മാതൃകയിൽ സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായി ഉൾപ്പെടുത്തുന്നതടക്കം പരിഗണിക്കണമെന്ന അഭിപ്രായം പല നേതാക്കൾക്കുമുണ്ട്. വിജയവാഡ പാർട്ടി കോൺഗ്രസിന് ശേഷം കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന.
രാജ്യത്ത് അധികാര രാഷ്ട്രീയത്തിൽ പ്രാതിനിധ്യമുള്ള കേരളത്തിൽ അടിമുടി സംഘടനയെ ഉടച്ചുവാർക്കുകയായിരുന്നു പ്രായപരിധി നടപ്പാക്കുന്നതിലൂടെ സംസ്ഥാന നേതൃത്വം. ഭിന്നസ്വരം ഉയർത്തിയ നേതാക്കളെ സംസ്ഥാന, ജില്ല നേതൃതലത്തിൽനിന്ന് അടർത്തിമാറ്റി. ഒഴിഞ്ഞുപോകുന്നതിനെ പ്രതിരോധിക്കാൻ ശ്രമിച്ച ചില നേതാക്കളെ സംസ്ഥാന സമ്മേളനത്തിൽ വെട്ടിവീഴ്ത്തിയാണ് ദേശീയ കൗൺസിലിന്റെ മാർഗരേഖ കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. കഴിഞ്ഞ സമ്മേളന കാലയളവിനുശേഷം വിവിധ വിഷയങ്ങളിൽ നേതൃത്വത്തെ വെല്ലുവിളിച്ച എറണാകുളത്ത് വിഭാഗീയതയുടെ തലകൾ തന്നെ കാനം പക്ഷം അരിഞ്ഞുവീഴ്ത്തി. പ്രബലമായ കൊല്ലം ജില്ലയിൽനിന്ന് ഇസ്മായിൽ വിഭാഗത്തിന് നിശബ്ദത മാത്രമാണ് ലഭിച്ചത്. കാനത്തിന് ബദലായി മത്സരിക്കാൻ ഒരുങ്ങിവന്ന പലരും പ്രതിനിധി ചർച്ച രണ്ടാംദിനം കടന്നതോടെ കളംമാറ്റിച്ചവിട്ടുകയോ നിശബ്ദരാവുകയോ ചെയ്തു. കേന്ദ്രനേതൃത്വത്തിലായിരുന്നു കാനം വിരുദ്ധരുടെ അവസാന പ്രതീക്ഷ. എന്നാൽ പാർട്ടിയിൽ യുവരക്തമാണ് വേണ്ടതെന്നും ദേശീയ കൗൺസിലിന്റെ മാർഗരേഖ നടപ്പാക്കണമെന്നും കേന്ദ്ര സെക്രട്ടേറിയറ്റംഗം അതുൽകുമാർ അൻജാൻ പറഞ്ഞതോടെ ആ പഴുതും അടഞ്ഞിരുന്നു.
പൈങ്കിളി സാഹിത്യമല്ല പാർട്ടി സമ്മേളനം -കാനം
കൊല്ലം: ചില മാധ്യമങ്ങൾ എഴുതുന്ന പൈങ്കിളി സാഹിത്യമല്ല പാർട്ടി സമ്മേളനങ്ങളെന്നും അതിൽ ചർച്ച ചെയ്യുന്നത് നാടിന്റെ പ്രശ്നങ്ങളാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിജയവാഡയിൽ നടക്കാനിരിക്കുന്ന 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പതാക ജാഥ കൊല്ലം പീരങ്കി മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങൾ കള്ളക്കഥയുടെ ഗോപുരങ്ങളാണ് കെട്ടിയുണ്ടാക്കിയത്. കൂടുതൽ ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന സന്ദേശമാണ് സമ്മേളനത്തിലുണ്ടായത്. താഴെത്തട്ടിൽ യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തുകയാണ് പാർട്ടി ലക്ഷ്യം. ഇത്തരത്തിൽ താഴെത്തട്ടിൽ ഉൾപ്പെടുത്തുമ്പോൾ മുകൾതട്ടിലുള്ളവർ പോകണമെന്നത് സ്വാഭാവികം. കൂടുതൽ യുവാക്കളെ ഉൾക്കൊള്ളുന്ന പാർട്ടിയായി വളർന്നാൽ മാത്രമേ ശക്തമായി മുന്നോട്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.