തിരുവനന്തപുരം: കടുത്ത വിഭാഗീയതക്കിടെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച തലസ്ഥാനത്ത് തുടക്കം. സംസ്ഥാന നേതൃത്വത്തിന്‍റെ സ്ഥാനാർഥി നിർദേശം തള്ളി വോട്ടെടുപ്പിലൂടെ സെക്രട്ടറിമാരെ തെരഞ്ഞെടുത്ത കീഴ്ഘടക സമ്മേളനങ്ങളിലെ കീഴ്വഴക്കം സംസ്ഥാന സമ്മേളനത്തിലും ആവർത്തിക്കുമോയെന്ന ആകാംക്ഷയാണ് സമ്മേളനത്തിന്‍റെ ഹൈലൈറ്റ്.വെള്ളിയാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയിൽ (പി.കെ.വി നഗറിൽ) പതാക, ബാനർ, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും.
വയലാർ രക്തസാക്ഷി മണ്ഡപം, നെയ്യാറ്റിൻകര സ്വദേശാഭിമാനി- വീരരാഘവൻ സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന ബാനറും കൊടിമരവും യഥാക്രമം കെ. പ്രകാശ്ബാബുവും സത്യൻ മൊകേരിയും ഏറ്റുവാങ്ങും. തുടർന്ന് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് ടാഗോർ സെന്‍റിനറി ഹാളിലാണ് (വെളിയം ഭാർഗവൻ നഗർ) പ്രതിനിധി സമ്മേളനം. ജനറൽ സെക്രട്ടറി ഡി. രാജയുടെ ഉദ്ഘാടനത്തിനുശേഷം രാഷ്ട്രീയ, സംഘടന റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നതോടെ സമ്മേളനം പ്രതിനിധികളുടെ കൈകളിലേക്ക് മാറും.
കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിൽ സംസ്ഥാന നേതൃത്വത്തെ കൊമ്പുകുത്തിച്ചാണ് ജില്ല സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്. ഇടുക്കിയിലും കോട്ടയത്തും വോട്ടെടുപ്പിലൂടെ നേതൃത്വത്തിന്‍റെ സ്ഥാനാർഥി നിർദേശം പാടെ തള്ളിയത് പ്രതിനിധികളാണ്. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് നേതൃത്വത്തിന്‍റെ സ്ഥാനാർഥിയെ തള്ളിയതോടെ ജില്ല കൗൺസിലിന്‍റെ അംഗീകാരമുള്ള സുപാലിനെ നിർദേശിച്ചാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെന്‍ററിന്‍റെ മാനം കാത്തത്.
പാലക്കാടും കോഴിക്കോടും എറണാകുളത്തും തൃശൂരും മലപ്പുറത്തുമെല്ലാം പ്രതിനിധികളുടെ വിമർശനത്തിന്‍റെ ചൂട് നേതൃത്വം അറിഞ്ഞു. പ്രായപരിധിയും നേതൃത്വത്തിന്‍റെ ജനാധിപത്യ വിരുദ്ധതയും ആധിപത്യ പ്രവണതയുമൊക്കെയായി കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിന് സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾ വിവാദ പ്രസ്താവനകളിലൂടെ എരിവ് പകർന്ന അന്തരീക്ഷമാണുള്ളത്.
ജനാധിപത്യപരമായി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗൺസിലിനെയും തെരഞ്ഞെടുക്കാൻ പാർട്ടി ഭരണഘടന അനുവദിക്കുന്നുണ്ട്. അതിനുള്ള അവസരം പ്രതിനിധികൾക്ക് ലഭിച്ചാൽ സെക്രട്ടറി പദവിയിലേക്ക് മത്സരമുണ്ടാകും.പക്ഷേ, സമ്മേളന പ്രതിനിധികളുടെ വികാരം മനസ്സിലാക്കി പുതിയ നേതൃത്വത്തിനായി വഴിമാറിക്കൊടുക്കാൻ ആര് തയാറാകുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.