തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്ന് സി.പി.എം. സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ ഗവർണറെ ഉപയോഗിച്ച് വി.സിമാരെ തിരുകിക്കയറ്റാനും ഉന്നതവിദ്യാഭ്യാസ രംഗം തകർക്കാനും ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനെ നിയമപരമായും ഭരണഘടനപരമായും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ഗവർണർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. എന്നാൽ, മുസ്ലിം ലീഗും ആർ.എസ്.പിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. ഗവർണറുടെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും രാജ്ഭവൻ മാർച്ചിൽ ദേശീയ നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മേയർ വിശദീകരിച്ചിട്ടുണ്ട്. എല്ലാ പരിശോധനയും നടക്കട്ടെ. സി.പി.എമ്മിന്‍റെ ആരെയെങ്കിലും തിരുകിക്കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ ഇത്തരത്തിൽ കത്തെഴുതുന്ന സംവിധാനം പാർട്ടിക്കകത്ത് ഇല്ല. കത്തിൽ പരാമർശിച്ച 295 നിയമനങ്ങൾ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് വഴിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.