വൈപ്പിന്‍: സി.പി.ഐ ഓഫിസിനുനേരെ ആക്രമണം നടത്തിയ സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. ഞാറക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനു പിന്നാലെ സി.പി.ഐ ഓഫിസ് ആക്രമിച്ച് നേതാക്കളെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ അടക്കം അഞ്ച് ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾക്കെതിരെയാണ് ഞാറക്കൽ പൊലീസ് കേസെടുത്തത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. സി.പി.ഐ ഓഫിസിൽ കടന്നുകയറി സാമഗ്രികളും കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചതിനും പരിസരത്തുണ്ടായിരുന്ന വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ്കുമാറിനെയും ഞാറക്കല്‍ ലോക്കല്‍ സെക്രട്ടറി എന്‍.എ. ദാസനെയും കൈയേറ്റം ചെയ്തതിനുമാണ് കേസ്. സുരക്ഷ മുൻനിർത്തി പൊലീസ് ജീപ്പിലേക്ക് മാറ്റിയ ദിലീപിന്റെ ഉടുമുണ്ട് സി.പി.എം പ്രവര്‍ത്തകര്‍ വലിച്ചെടുത്തതായും പരാതിയിൽ പറയുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സി.പി.ഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെ ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.
അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. തങ്ങളുടെ പാനലില്‍ വിജയിച്ച മൂന്നുപേരുമായി നടത്തിയ പ്രകടനം ഞാറക്കലിൽ എത്തിയപ്പോൾ സി.പി.ഐ മണ്ഡലം സെക്രട്ടറി ദിലീപ് കുമാർ പ്രകോപനം സൃഷ്ടിക്കുകയും സ്ത്രീകളോട് മോശം ആംഗ്യം കാണിക്കുകയും ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനില്‍ പ്രസ്താവനയിൽ അറിയിച്ചു. സി.പി.എമ്മില്‍നിന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.ഐയിലേക്ക് എത്തിയതോടെയാണ് ഇരുപാർട്ടിയും തമ്മിലെ അകല്‍ച്ച രൂക്ഷമാകുന്നത്. സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ദിലീപ്. ദിലീപിനെ കര്‍ത്തേടം സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ സി.പി.എം ജില്ല നേതൃത്വം തീരുമാനിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.