തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. പകരം ചുമതല എ. വിജയരാഘവന് നൽകി.
മാറാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചിരുന്നു. കൂടാതെ ചികിത്സക്കായി അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നു. ആവശ്യം സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കുകയായിരുന്നു.
എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമായിട്ടില്ല. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇത്തരമൊരു കേസിൽ ഉൾപ്പെട്ടത് വിവാദമായിരുന്നു.
അതേസമയം കോടിയേരിക്ക് തുടർ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽനിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിച്ചതായും സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവൻ നിർവഹിക്കുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
2015ലാണ് സി.പി.എമ്മിെൻറ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018ൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.