തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാറിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം നിലപാടെടുത്തിന് പിന്നാലെ സി.പി.എം അടിയന്തര സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തു. പൊലീസ് നിയമ ഭേദഗതി വിവാദമായ സാഹചര്യം യോഗം ചർച്ചചെയ്തതായാണ് വിവരം.
നിയമഭേദഗതിയോടുള്ള വിയോജിപ്പ് ഇന്നലെ തന്നെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്നാണ് അവെയിലബ്ൾ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച രാവിലെ തന്നെ ചേരാൻ തീരുമാനിച്ചത്.
പൊലീസ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായാണ് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്. പൊലീസ്നിയമത്തിൽ ഭേദഗതിവരുത്തി കൊണ്ടുവന്ന 118 എ വകുപ്പ് പുനഃപരിശോധിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുകയും ചെയ്തു. സമീപകാലങ്ങളിൽ കൈക്കൊണ്ട വിവാദ തീരുമാനങ്ങളിലെല്ലാം സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ എതിർപ്പുയർത്തിയത് സർക്കാറിന് കനത്ത തിരിച്ചടിയായി.
നിയമഭേദഗതി മുഴുവൻ മാധ്യമങ്ങളെയും നിയന്ത്രിക്കുക ലക്ഷ്യമിട്ടാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. സൈബർ മീഡിയ എന്നതിന് പകരം എല്ലാ തരത്തിലുമുള്ള വിനിമയോപാധി എന്നാണ് രേഖ. പത്ര, ദൃശ്യ, ഒാൺലൈൻ മാധ്യമങ്ങളും ഫേസ്ബുക്കും ട്വിറ്ററും അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാം നിയമപരിധിയിലാകും. വാർത്തയും ചിത്രവും ദൃശ്യവുമടക്കം ഏത് തരത്തിലുള്ള ഉള്ളടക്കവും അപകീർത്തികരമെന്ന് പരാതി ലഭിച്ചാൽ മൂന്ന് വർഷം വരെ തടേവാ 10,000 രൂപ പിഴേയാ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.