തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സൈബർ ഇടങ്ങളിൽ സ്വന്തം സ്ഥാനാർഥികൾക്കുവേണ്ടിയും പ്രതിയോഗികളെ നേരിടാനും പോരാട്ടം ശക്തമാക്കി സി.പി.എമ്മിെൻറ 'യുദ്ധമുറി' സജീവം. കാലേകൂട്ടി യുദ്ധമുറി സജ്ജരാക്കിയ സി.പി.എം രാഷ്ട്രീയ ഇടപെടൽ സജീവമാക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ, ടെലഗ്രാം, ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമത്തിലെ എല്ലാ സംവിധാനവും ഉപയോഗിച്ച് പ്രചാരണലോകത്ത് പയറ്റുകയാണ് സഖാക്കൾ അണിയറയിൽ.
പാർട്ടി ആസ്ഥാനമായ എ.കെ.ജി സെൻറർ കേന്ദ്രീകരിച്ച് രണ്ട് യുദ്ധമുറികളാണ് പ്രവർത്തിക്കുന്നത്. എൽ.ഡി.എഫിെൻറയും സി.പി.എമ്മിെൻറയും മേൽനോട്ട ചുമതല സംസ്ഥാന സമിതി അംഗം ഡോ. വി. ശിവദാസിനാണ്. സംസ്ഥാനതലം തൊട്ട് താഴേതട്ടുവരെ കേന്ദ്രീകൃതമായി കർശന മേൽനോട്ടത്തിലാണ് സംഘടനാ സംവിധാനം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. പാർട്ടിക്കും മുന്നണിക്കുമെതിരെ നടക്കുന്ന സംഘടിത നുണപ്രചാരണം വരുേമ്പാൾ വസ്തുതകൾ പരിശോധിക്കലാണ് മുഖ്യ ലക്ഷ്യങ്ങളിലൊന്നെന്നും ശിവദാസൻ പറഞ്ഞു.
ജില്ലാ കമ്മിറ്റികളുടെ കീഴിലും മേൽനോട്ടത്തിലുമാണ് പ്രവർത്തകർ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. മണ്ഡലം കൺവെൻഷൻ മുതൽ സ്ഥാനാർഥികളുടെ പ്രചാരണത്തിൽവരെ ഇവർ സജീവമാണ്. സർക്കാറിെൻറ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം എതിരാളികളുടെ പ്രചാരണത്തിന് മറുപ്രചാരണവും ഏറ്റെടുക്കുന്നു. കോൺഗ്രസിന് ബി.ജെ.പിയെ നേരിടുന്നതിലെ ദൗർബല്യം, കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾ എന്നിങ്ങനെ വിഷയങ്ങൾ ഏറെയുണ്ട്.
ഓരോ മണ്ഡലത്തിനും ആവശ്യമായ ടൂൾകിറ്റുകൾ അതത് സമിതികളാണ് തയാറാക്കുക. സിറ്റിങ് മണ്ഡലങ്ങളിൽ വികസനനേട്ടങ്ങളും എതിരാളികളുടെ മണ്ഡലത്തിലെ പോരായ്മകളുമടക്കം ചൂണ്ടിക്കാട്ടിയുമാണ് പ്രചാരണം. പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത യാതൊന്നും ഉപയോഗിക്കരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. എവിടെ എന്ത് ഉപയോഗിക്കണമെന്ന് നയപരമായ എല്ലാ തീരുമാനവും എ.കെ.ജി സെൻററിലെ കേന്ദ്രത്തിൽനിന്നാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.