തിരുവനന്തപുരം: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖം ആചരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം. സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റിവെക്കും. ശനിയാഴ്ച വൈകീട്ട് നാലിനുശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർട്ടിപതാക താഴ്ത്തി കെട്ടും.
കേരളത്തെ സ്നേഹിക്കുകയും ഇവിടത്തെ പാർട്ടിയെയും സംഘടനയെയും ഏറെ സഹായിക്കുകയും ചെയ്ത ഉന്നതനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
മൂന്നു പതിറ്റാണ്ടായി പാർട്ടിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ സീതാറാമിന് തന്റേതായ പങ്കുവഹിക്കാനായിട്ടുണ്ട്. വർഗീയശക്തികൾക്കെതിരായ കൂട്ടായ്മയുടെ നേതൃനിരയിലും സീതാറാമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ വിരുദ്ധശക്തികളെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃപാടവം രാജ്യം തിരിച്ചറിഞ്ഞു.
രാഷ്ട്രീയഎതിരാളികളുടെ പോലും ആദരവ് നേടിയെടുക്കുംവിധം ഉന്നതമായ പെരുമാറ്റവും സംസാര ശൈലിയുമായിരുന്നു അദ്ദേഹത്തിന്റേതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.