കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്ത സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദന് വിമർശനം. ഭരണത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെങ്കിലും പാർട്ടി സെക്രട്ടറിക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. എന്നാൽ, പല സന്ദർഭത്തിലും സെക്രട്ടറിയുടെ ശബ്ദം അതിനൊത്ത് ഉയരുന്നില്ല. അതുണ്ടാവരുത്. സെക്രട്ടറിയുടെ ശബ്ദം കൂടുതൽ ശക്തമാകണം -ചർച്ചയിൽ ഒരു അംഗം ചൂണ്ടിക്കാട്ടി.
എല്ലാ പ്രശ്നങ്ങളിലും മുഖ്യമന്ത്രി മാത്രം മറുപടി പറയുന്ന സ്ഥിതിയുണ്ടെന്നും അത് പൊതുവെ സർക്കാറിനെ പ്രതിരോധത്തിലാക്കുകയാണെന്നും ചൂണ്ടിക്കാട്ടി പിണറായി വിജയനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിൽ അപ്രതീക്ഷിത തോൽവിയും വോട്ടുചോർച്ചയുമാണുണ്ടായത്. കീഴ്ഘടകങ്ങളിൽനിന്ന് ലഭിച്ച വോട്ടുകണക്കുകൾ തെറ്റി. എങ്കിലും അടിസ്ഥാന വോട്ടുകളിൽ കാര്യമായ കുറവില്ല.
അതിനാൽ വരും തെരഞ്ഞെടുപ്പുകളിൽ തോൽവി മറികടന്നുള്ള പ്രകടനം കാഴ്ചവെക്കാനാവും. പ്രതീക്ഷിച്ച വോട്ട് പൂർണമായും കോൺഗ്രസിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. കോഴിക്കോട് ഭൂ രിപക്ഷം പ്രതീക്ഷിച്ച എലത്തൂർ, ബേപ്പൂർ, ബാലുശ്ശേരി, മണ്ഡലങ്ങളിൽ നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതിൽ പ്രത്യേക പരിശോധന വേണം. കോഴിക്കോട് നോർത്തിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല.
വടകര ലോക്സഭ മണ്ഡലത്തിൽ എല്ലാ നിയോജക മണ്ഡലത്തിലും അപ്രതീക്ഷിത യു.ഡി.എഫ് മുന്നേറ്റമുണ്ടായി. ഷാഫി പറമ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് വലിയതോതിൽ വോട്ട് നേടി. പാർട്ടിക്ക് കിട്ടുന്ന ന്യൂനപക്ഷ വോട്ടുകൾപോലും ഇത്തവണ യു.ഡി.എഫിന് കിട്ടുന്ന സാഹചര്യമുണ്ടായതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് എളമരം കരീം, പി.എ. മുഹമ്മദ് റിയാസ് എന്നിവർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ജില്ല സെക്രട്ടറി പി. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഞായറാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.