‘പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം മാത്രം, യാത്രയയപ്പ് യോഗത്തില്‍ ഒഴിവാക്കേണ്ടതായിരുന്നു’; ദിവ്യയെ തള്ളാതെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിന്‍റെ ആത്മഹത്യയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ഇതിൽ പറയുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രസ്താവനയിൽ സര്‍ക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്താവനയുടെ പൂർണരൂപം:

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സി.പി.എം ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സി.പി.എം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഷേധം ശക്തം

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്‍ലിം ലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റിൽ പ്രതിഷേധിച്ച സർക്കാർ ജീവനക്കാർ കലക്ടറെ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് കലക്ടറെ ഓഫീസിലേക്ക് എത്തിച്ചത്. കലക്ടറേറ്റിന് പുറത്തും ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാ​ണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു ദിവ്യ പ്രസംഗം തുടങ്ങിയത്. ജില്ല കലക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിട്ടിരുന്നു.

Tags:    
News Summary - CPM District Secretariat's explanation in Naveen Babu's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.