പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി-കോൺഗ്രസ് ഡീലുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. പതിനായിരത്തോളം വോട്ടുകളാണ് ബി.ജെ.പി കോൺഗ്രസിന് മറിച്ച് നൽകിയത്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് കൊണ്ടല്ല ബി.ജെ.പി വോട്ടുകൾ രാഹുലിന് കിട്ടിയത്. ഷാഫി പറമ്പിൽ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയത് കൊണ്ടാണ് ഇത്തരത്തിൽ വോട്ടുകൾ ഒഴുകിയതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിക്ക് കൊടുത്തു പാലക്കാട് ഞങ്ങൾക്ക് തരിക എന്നായിരുന്നു ആ ഡീൽ. രാഹുൽ ജയിക്കുന്നതിന് മുമ്പ് തന്നെ ആഘോഷവുമായി തെരുവിലിറങ്ങിയത് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും ആയിരുന്നു. ഇവരുടെ വർഗീയതയുടെ അപകടകരമായ വിജയമാണ് ഇവിടെയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചിരുന്നു. 18,715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് രാഹുൽ നിലനിർത്തിയത്. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.
2011ലെ തെരഞ്ഞെടുപ്പിൽ 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ സി.പി.എമ്മിലെ കെ.കെ. ദിവാകരനെ പരാജയപ്പെടുത്തിയത്. ആ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 47641 വോട്ടും കെ.കെ. ദിവാകരന് 40238 വോട്ടും ബി.ജെ.പി സ്ഥാനാർഥി സി. ഉദയഭാസ്കറിന് 22,317 വോട്ടും ലഭിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ ഷാഫി 17,483 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രനെ പിന്നിലാക്കിയത്. ഷാഫി ആകെ 57,559 വോട്ടും ശോഭ 40,076 വോട്ടും സി.പി.എം സ്ഥാനാർഥി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടും പിടിച്ചു.
2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനെ 3,925 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഷാഫിക്ക് 53,080 വോട്ടും ശ്രീധരന് 49,155 വോട്ടും സി.പി.എമ്മിലെ അഡ്വ. സി.പി പ്രമോദ് 35,622 വോട്ടും പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.