തിരുവനന്തപുരം: എൽ.ഡി.എഫിന് ഇതാദ്യമായി ലഭിച്ച തുടർഭരണത്തിൽ സർക്കാറിനെ അസ്ഥിരപ്പെടുത്താനോ കേന്ദ്രവുമായി സംഘർഷത്തിലേർപ്പെടാനോ ഇല്ലെന്ന നിലപാട് വ്യക്തമാക്കി സി.പി.എം. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയെ പോലും തള്ളിയ സി.പി.എം തങ്ങളുടെയും സർക്കാറിന്റെയും മുന്നിലെ പ്രധാന വിഷയം വികസന കാര്യം മാത്രമാണെന്ന് വിശദീകരിച്ചതോടെ ഗവർണറുമായുള്ള രാഷ്ട്രീയ സംഘർഷത്തിന് പുതിയ മാനം കൈവന്നു.
ഗവർണറുമായി അനുനയ, സമവായ സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ നൽകാനാണ് ഞായറാഴ്ച സമാപിച്ച സി.പി.എം നേതൃയോഗ തീരുമാനം. കെ-റെയിൽ, വിദേശ നിക്ഷേപം ആകർഷിക്കൽ ഉൾപ്പെടെ നിർണായക നടപടികളുമായി ഒന്നാം വാർഷികത്തിലേക്ക് കടക്കുകയാണ് സർക്കാർ. ഈ സമയത്ത് നിക്ഷേപ സൗഹൃദമല്ല സംസ്ഥാനമെന്ന ധാരണയും ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരുമായുള്ള സംഘർഷവും ഉണ്ടാക്കിയേക്കാവുന്ന പേരുദോഷം പാടെ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സി.പി.എം അംഗീകരിച്ചു. ഇത് മുൻനിർത്തിയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം മുടങ്ങിയാൽ ഉണ്ടായേക്കാവുന്ന പ്രതിലോമ ചർച്ച സർക്കാറിന് ദോഷമാകുകയും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാകുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി പ്രതിസന്ധി പരിഹാര ഇടപെടൽ നടത്തിയത്.
സർക്കാറിന്റെ മുന്നോട്ടുപോക്കിന് വിഘാതം ഉണ്ടാകാതിരിക്കുക, സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കേന്ദ്ര നിയമങ്ങളിലും നടപടികളിലും ഗവർണർ ഉൾപ്പെടെ ആരുമായും ഒത്തുതീർപ്പ് നടത്താതിരിക്കുക എന്ന ദ്വിമുഖ രാഷ്ട്രീയ തന്ത്രമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരാളെയാണ് കൈകാര്യം ചെയ്യാൻ എളുപ്പമെന്ന് സി.പി.എം തിരിച്ചറിയുന്നു. ഗവർണറുമായുള്ള പോര് ഭരണഘടന പ്രതിസന്ധിയിലേക്ക് നീങ്ങാനും പകരം പുതിയ ഒരാൾ രാജ്ഭവനിൽ ഉടൻ വരാനും സർക്കാർ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ ബംഗാളിന്റെ അനുഭവപാഠമാണ് സർക്കാറിനെ ഏറ്റുമുട്ടലിന്റെ പാതയിൽനിന്ന് പിൻവലിപ്പിക്കുന്നത്. പൊതുസമൂഹത്തിലെ മതേതര, രാഷ്ട്രീയ, ജനാധിപത്യ ശക്തികളുടെ പിന്തുണയുള്ള വിഷയത്തിൽ ഗവർണറുമായി വാദത്തിലേർപ്പെടുന്നത് ഗുണകരമാകുമെന്ന് സി.പി.എം തിരിച്ചറിയുന്നു. കർഷക നിയമത്തിലും പൗരത്വ ഭേദഗതി നിയമത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതും. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ കൊമ്പുകോർക്കുന്നെന്ന പ്രതീതിയുണ്ടാക്കുമ്പോൾ തന്നെ യു.ഡി.എഫിനും സി.പി.ഐക്കും തങ്ങളെ പിന്താങ്ങാതിരിക്കാനാകില്ലെന്ന് സർക്കാറിനും സി.പി.എമ്മിനും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.