തിരുവനന്തപുരം: തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്ന സി.പി.എമ്മിനും നേതാക്കള്‍ക്കും തൊഴിലാളി സമരങ്ങളോട് പുച്ഛവും അലര്‍ജിയുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഈ മാറ്റം എങ്ങനെയാണ് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ -ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്കണവാടി ജീവനക്കാരുടെ സമരത്തോട് സര്‍ക്കാര്‍ അനുഭാവ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് സമരത്തിന്റെ വിജയമാണ്. വാക്കാലുള്ള ആശ്വാസമല്ല വേണ്ടത്. ആവശ്യങ്ങള്‍ അനുവദിച്ചുള്ള ഉത്തരവുകളാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിസ്ഥാന തൊഴിലാളി സമൂഹത്തെ അവഗണിക്കുകയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല.
അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്ന കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം വിചിത്രമാണ്. അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തിന്റെ സമ്പത്ത് വിറ്റുതുലയ്ക്കാന്‍ മടിയില്ലാത്ത സര്‍ക്കാരാണ് തൊഴിലാളികള്‍ക്കെതിരെ തിരിയുന്നത്.
പിണറായി സര്‍ക്കാര്‍ തൊഴിലാളികളുടെ ക്ഷേമ നിധി ആനുകൂല്യങ്ങളും പെന്‍ഷനും തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ കുടിശ്ശിക തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അത് ഔദാര്യമായി ചിത്രീകരിച്ച് വോട്ട് തട്ടാനുള്ള നീക്കമാണിത്. കമ്യൂണിസ്റ്റ് പാരമ്പര്യം കളഞ്ഞ് കുളിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
സാധാരണക്കാരുടെ ജീവിക്കാനുള്ള പോരാട്ടത്തോടൊപ്പമാണ് കോണ്‍ഗ്രസ്. അത് ഏത് സംഘടന നടത്തുന്നുവെന്ന് നോക്കിയല്ല കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത്. ദുര്‍ഭരണവും അനീതിയും എവിടെയുണ്ടായാലും അതിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകും.അതില്‍ രാഷ്ട്രീയം നോക്കാറില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് അജയ് തറയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി എം. ലിജു, കെ.പി.സി.സി ഭാരവാഹികളായ ടി.എന്‍. പ്രതാപന്‍, കെ.പി. ശ്രീകുമാര്‍, ജി.എസ്. ബാബു, ജി. സുബോധന്‍, പഴകുളം മധു, എം.എം. നസീര്‍, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാര്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ജെബി മേത്തര്‍ എം.പി, മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.