കൊല്ലം: നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർത്തി സി.പി.എം കൊല്ലം ജില്ല സമ്മേളന പ്രതിനിധികൾ. സാധാരണ പ്രവർത്തകർ എങ്ങനെ ജീവിക്കുന്നുവെന്നുപോലും പാർട്ടി അറിയുന്നില്ലെന്ന വിമർശനം വരെ ചർച്ചയിൽ ഉയർന്നു. സാധാരണ പ്രവർത്തകരെ നേതൃത്വം തീർത്തും അവഗണിക്കുന്നു. താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാൻ നേതൃത്വം ശ്രമിക്കുന്നില്ല.
നേതൃത്വം മുതലാളിമാരും പ്രവർത്തകർ തൊഴിലാളികളുമെന്ന മട്ടിലുള്ള വേർതിരിവാണ് പാർട്ടിയിലുള്ളത്. ആവശ്യങ്ങളുമായി പാർട്ടി ഓഫിസിലെത്തുന്ന പ്രവർത്തകർക്കു മുന്നിൽ നേതൃത്വം മുഖം തിരിക്കുകയാണ്. നിർധനരെ പോലും പാർട്ടി പ്രസിദ്ധീകരണങ്ങളിൽ വരിക്കാരാകാൻ നിർബന്ധിക്കുന്നു. പാർട്ടി സർക്കുലർ നടപ്പാക്കാൻ സമ്മർദമാണ് ഉയരുന്നതെന്നും നിരന്തരം പണപ്പിരിവ് അടിച്ചേൽപിക്കുന്നതായും ആക്ഷേപമുയർന്നു. പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ പലരും സാമ്പത്തിക ബാധ്യതയിലേക്ക് വീഴുന്ന സ്ഥിതിയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ബ്രാഞ്ച് സെക്രട്ടറിയാകാൻ പ്രവർത്തകർ മടിക്കുന്നുവെന്ന വിമർശനവും ഉയർന്നു.
മുഹമ്മദ് റിയാസ് മികച്ച പ്രവർത്തകനും മന്ത്രിയുമാണെങ്കിലും മുഖ്യമന്ത്രിയുടെ മരുമകനെന്ന ലേബലിലാണ് നിൽക്കുന്നതെന്നും അത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവരെ മാറ്റിനിർത്തി മന്ത്രിസഭ രൂപവത്കരിച്ചത് മണ്ടൻ തീരുമാനമായെന്നും പ്രതിനിധികൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറിക്കടക്കം വിമർശനം നേരിടേണ്ടിവന്നു.
പൊതുമണ്ഡലത്തിൽ എം.വി. ഗോവിന്ദനെടുക്കുന്ന കാർക്കശ്യനിലപാടുകൾ സംസ്ഥാന സെക്രട്ടറിക്ക് യോജിച്ചതല്ലെന്ന വിമർശനമാണ് ഉയർന്നത്. ചാനൽ ചർച്ചയിൽ ഒരു വകതിരിവുമില്ലാത്തവരെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. അതിന് മാറ്റമുണ്ടാകണമെന്നും ആവശ്യമുയർന്നു. കരുനാഗപ്പള്ളി വിഭാഗീയ പ്രശ്നങ്ങൾ പാർട്ടിക്ക് മുഴുവൻ അവമതിപ്പുണ്ടാക്കിയതായും ലോക്സഭ തെരഞ്ഞെടുപ്പിൽ എം. മുകേഷിന്‍റെ സ്ഥാനാർഥിത്വം മണ്ടത്തമായിരുന്നെന്നും പ്രതിനിധികൾ ആവർത്തിച്ചു. സാർവദേശീയ -ദേശീയ നിലപാടുകളിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി മറുപടി പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാന രാഷ്ട്രീയ ചർച്ചകൾക്കുള്ള മറുപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.