ആലപ്പുഴ: ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ഉദ്ഘാടനത്തിൽ നിന്നും അവസാന നിമിഷം സി.പി.എം നേതാവ് ജി. സുധാകരൻ പിന്മാറി. സി.പി.എം പരിപാടികളിൽ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദത്തിന് എണ്ണ പകരാനില്ലെന്ന നിലപാടിൽ ജി. സുധാകരൻ പിന്മാറിയത്. ഇന്ന് രാവിലെ 8.30ന് സുധാകരന്റെ വസതിയിൽവെച്ചാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് പോസ്റ്ററുകളും ബോർഡുകളും ഇറക്കി പ്രചാരണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇന്ന് രാവിലെ സുധാകരൻ വിളിച്ച് പുതിയ സാഹചര്യത്തിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നതിലുള്ള പ്രയാസം പങ്കുവെക്കുന്നത്. ഇതനുസരിച്ച് പരിപാടി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
സുധാകരനെ സമീപിച്ച് മറ്റൊരു സമയം വാങ്ങാനാണ് സംഘാടകരുടെ തീരുമാനം. ചന്ദ്രിക ദിനപത്രം അമ്പലപ്പുഴ മണ്ഡലത്തിന്റെ കാമ്പയിൻ ഉദ്ഘാടനമാണിന്ന് നടക്കേണ്ടിയിരുന്നത്. സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സി.പി്എം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി. സുധാകരനെ പൂർണമായി ഒഴിവാക്കിയത് വിവാദമായിരുന്നു. ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ക്ഷണിച്ചിരുന്നില്ല.
സമ്മേളന ദിവസങ്ങളിൽ ജി. സുധാകരൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി. സുധാകരൻ. തനിക്ക് പാർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തെന്നുമാണ് ജി. സുധാകരന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.