കോഴഞ്ചേരി: സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയും ഇലന്തൂർ സർവിസ് സഹ.ബാങ്ക് പ്രസിഡന്റുമായിരുന്ന പി.ആർ. പ്രദീപ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ ദൂരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നു. മേയ് അഞ്ചിന് ഉച്ചയോടെയാണ് ഇലന്തൂർ വലിയവട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ പ്രദീപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസം കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്. വിദ്യാർഥി കാലം മുതൽ നിരവധി പ്രക്ഷോഭങ്ങൾ നയിച്ച സജീവ ഇടതു പ്രവർത്തകനായിരുന്ന പ്രദീപ് ഒരിക്കലും ആത്മഹത്യ തെരഞ്ഞെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരും വ്യക്തമാക്കുന്നത്. പ്രദീപിന് കടമില്ലെന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സാമ്പത്തിക ബാധ്യതയുടെ പേരിൽ തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഇതിനിടെ മരണത്തിലേക്ക് നയിച്ച ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപിന്റെ സുഹൃത്ത് പൂക്കോട് സ്വദേശി പി.എസ്. അജികുമാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി കേസ് അന്വേഷിക്കുന്ന ആറന്മുള പൊലീസിന് കൈമാറിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതായി വ്യക്തമാക്കിയ ഉദ്യോഗസ്ഥൻ ഇതുവരെയും ഒന്നും കണ്ടെത്തിയില്ലെന്നും പ്രതികരിച്ചു. ആത്മഹത്യ പ്രേരണയിലേക്ക് നയിച്ചതാരെന്നാണ് ആറന്മുള പൊലീസ് അന്വേഷിക്കുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം കണ്ടെത്തിയാൽ പുതിയ കുറ്റപത്രം നൽകും.
പ്രദീപ് പ്രസിഡന്റായിരുന്ന ഇലന്തൂർ സർവിസ് സഹകരണ ബാങ്കിലെ ഗുരുതര ക്രമക്കേടുകൾ ചില ഉദ്യോഗസ്ഥരുടെ അറിവോടെ നിയമസംവിധാനത്തിന് പുറത്ത് പരിഹരിക്കാൻ നടത്തിയ സമ്മർദങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി.എൻ. വാസവനും പരാതി നൽകിയിട്ടുണ്ടെന്ന് അജി പറഞ്ഞു. കുറഞ്ഞ മൂല്യമുള്ള വസ്തുവിന്റെ ജാമ്യത്തിൽ വായ്പ നൽകിയ വൻതുക തിരികെ ലഭിക്കാതെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് പാർട്ടി നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്.
ബാങ്ക് ഭരണസമിതിയും സഹകരണ വകുപ്പിലെ ചില ജീവനക്കാരും കൂട്ടുനിന്ന തട്ടിപ്പ് ഒരാളുടെ മരണത്തിന് ഇടയാക്കി എന്നതിനാൽ ഇതിൽ പങ്കാളിത്തമുള്ളവരെ മാറ്റി നിർത്തി സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇലന്തൂർ സർവിസ് സഹകരണ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയാണ് പ്രദീപ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
സി.പി.എം നിയന്ത്രണത്തിൽ ഇലന്തൂരിൽ തന്നെ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു പ്രദീപ്.ജില്ലയിലെ സഹകരണ ബാങ്ക് ഭാരവാഹികളാണ് ഈ ആശുപത്രിയിലെ ബഹുഭൂരിപക്ഷം ഡയറക്ടർ ബോർഡ് അംഗങ്ങളും. നഷ്ടത്തിൽ പോകുന്ന ഇവിടുത്തെ, ഡോക്ടർമാരുടേത് ഉൾപ്പെടെ ജീവനക്കാരുടെ മാസ വേതനത്തിനും ആശുപത്രി നടത്തിപ്പിനും സഹകരണ ബാങ്കിൽനിന്ന് പണം മാറ്റിയതായും ആരോപണമുണ്ട്. സഹകരണ ബാങ്ക് ഓഡിറ്റിങ്ങിൽ ഇത്തരം ക്രമക്കേടുകൾ പുറത്തുവരുമെന്നും ഉടൻ പരിഹരിക്കണമെന്നും പ്രദീപ് ജില്ലയിലെ മുതിർന്ന നേതാക്കളോട് പലപ്രാവശ്യം സൂചിപ്പിച്ചിരുന്നു. മരണപ്പെട്ട ദിവസം രാവിലെ പത്തനംതിട്ട നഗരത്തിലെ ഉൾപ്പെടെ പ്രമുഖനേതാവിനെയും വന്നുകണ്ടതായി സൂചനയുണ്ട്.
ഇതിനിടെ മരണപ്പെടുന്ന ദിവസം നടക്കേണ്ടിയിരുന്ന പത്തനംതിട്ട ഏരിയ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പ്രദീപിനെ നീക്കാനും ഔദ്യോഗിക പക്ഷത്തിന്റെ ഭാഗത്തുനിന്ന് ചില ചരടുവലികൾ നടന്നതായും ആരോപണമുണ്ട്. ഇതിലെല്ലാം ദുഃഖിതനായിരുന്ന പ്രദീപ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയാണ് കടുംകൈ കാണിച്ചതെന്ന് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ചർച്ചയുണ്ട്.
മൃതദേഹം കണ്ടെത്തുമ്പോൾ നാലു രൂപയും ഒരു പേനയുമാണ് പോക്കറ്റിൽനിന്ന് ലഭിച്ചത്. ഇവിടെ നിന്ന് ആത്മഹത്യക്കുറിപ്പ് മാറ്റിയതായും ആരോപണമുണ്ട്. മാത്രമല്ല പുതിയ പ്ലാസ്റ്റിക് കയറിലാണ് തൂങ്ങിയത്.ഇത് എവിടെ നിന്ന് വാങ്ങിയെന്നുപോലും പൊലീസ് അന്വേഷിക്കുന്നില്ല. അന്ന് പൊലീസ് കൊണ്ടുപോയ പ്രദീപിന്റെ മൊബൈൽ ഫോൺ 18 ദിവസത്തിനു ശേഷമാണ് കുടുംബത്തിന് തിരികെ ലഭിക്കുന്നത്. മരണം സംഭവിച്ച് മണിക്കൂറുകൾക്കകം ‘പ്രദീപിനെ ചതിച്ചവരെ അക്കമിട്ട് അറിയാം, വേണ്ടായിരുന്നു ഇൗ വിടവാങ്ങൽ’ എന്നുള്ള ഇലന്തൂർ സ്വദേശിയായ സി.പി.എം അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം അജി നൽകിയിട്ടുണ്ട്. ഇൗ പോസ്റ്റ് മണിക്കൂറുകൾക്കകം നീക്കംചെയ്തിരുന്നു. ഇയാളെ പൊലീസ് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല.
ഉച്ചകഴിഞ്ഞ് നടക്കുന്ന ഏരിയ കമ്മിറ്റിക്ക് കാണാത്ത സാഹചര്യത്തിൽ ജില്ലയിലെ മുതിർന്ന നേതാവ് ആവശ്യപ്പെട്ടത് പ്രകാരം പൊലീസ്, മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പ്രദീപിനെ കണ്ടെത്തിയതെന്ന് പറയുന്നു. പരാതിയില്ലാത്ത സാഹചര്യത്തിൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിലും ദുരൂഹതയുണ്ട്.
താനാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സി.പി.എം വലിയവട്ടം ബ്രാഞ്ച് സെക്രട്ടറിയും ഇലന്തൂർ സഹകരണ ബാങ്ക് വളം കമീഷൻ ഏജന്റുമായ എസ്. സുധീഷ് പൊലീസിൽ മൊഴി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതു മുതലുള്ള പൊലീസ് നടപടികളിലെ തിടുക്കവും സംശയം ജനിപ്പിക്കുന്നതായി അജികുമാർ പറയുന്നു. കർഷക സംഘം സംസ്ഥാന സമിതി ഭാരവാഹി, ഡിവൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.