തിരുവനന്തപുരം: 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടികൾ തമ്മിലുണ്ടാക്കിയ ചരിത്രപരമായ നീക്കുപോക്ക് വീണ്ടും വിവാദമാകുന്നു. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തെ കുറിച്ചുള്ള ചർച്ചയാണ് ചരിത്രം കുത്തിപ്പൊക്കാൻ നേതാക്കന്മാരെ പ്രേരിപ്പിക്കുന്നത്. കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ തുടങ്ങിയവർ ഈ വിഷയം ഏറ്റുപിടിച്ചു. 1965ൽ എന്താണ് സംഭവിച്ചത് എന്നത് ചരിത്ര വസ്തുതയായി തുടരുേമ്പാഴാണ് ഈ ‘ഗ്വാ ഗ്വാ’ വിളിയെന്ന് ഓർക്കണം.
ജോസിനെ മുന്നണിയിലെടുക്കരുതെന്ന് കാനം പറഞ്ഞപ്പോൾ, ഒറ്റയ്ക്ക് നില്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരിയാണ് 1965ലെ തെരഞ്ഞെടുപ്പ് ചരിത്രം ഓര്‍മ്മിപ്പിച്ചത്. എന്നാൽ, ആ ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണമെന്നും അന്ന് ഒറ്റയ്ക്കല്ല, ലീഗുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കോടിയേരിക്ക് കാനം മറുപടി നല്‍കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ ആറുമണി വാർത്താ സമ്മേളനത്തിലും ചോദ്യം ഉയർന്നു. മറുപടിയായി അദ്ദേഹം 15 മിനിട്ടോളം ചെലവഴിച്ച് തെരഞ്ഞെടുപ്പ് ചരിത്രം വിശദീകരിച്ചു. അന്ന്, ലീഗ് പല മണ്ഡലങ്ങളിലും സി.പി.എമ്മിനെതിരെ മത്സരിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നുമാണ് പിണറായി പറഞ്ഞത്.
പിണറായി പഴയ സെക്രട്ടറിയല്ല; ഇ.എം.എസ് എഴുതിയ ചരിത്രം ഓർമിപ്പിച്ച് കാനം
1965ലെ തെരഞ്ഞെടുപ്പിൽ ലീഗിെൻറ പിന്തുണയോടെയല്ല സി.പി.എം വിജയിച്ചതെന്നും ലീഗുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞാണ് പിണറായി വാർത്താസമ്മേളനം അവസാനിപ്പിച്ചത്. എന്നാൽ, ഇതിന് ഇ.എം.എസിനെ കൂട്ടുപിടിച്ചാണ് കാനം മറുപടി നൽകിയത്.
കോടിയേരി പരാമർശിച്ച ചരിത്രം നന്നായി മനസിലാക്കണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി അതിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയേണ്ടതില്ലായിരുന്നുവെന്നുമുള്ള മുഖവുരയോടെയാണ് കാനം പിണറായിയെ ചരിത്രം പഠിപ്പിച്ചത്. പിണറായി പഴയ പാർട്ടി സെക്രട്ടറിയെന്ന രീതിയിലോ പി.ബി അംഗമോ ആയിട്ടാണ് ആ പ്രതികരണം നടത്തിയതെന്നും കാനം പരിഹസിച്ചു.
മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടി, 1965ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇ.എം.എസിെൻറ ലേഖനമാണെന്നാണ് കാനം പറഞ്ഞത്. ചിന്ത പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഇ.എം.എസ് സമ്പൂർണ കൃതികളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ചിക 31ലും 35ലും 1965ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.എം.എസിെൻറ ലേഖനമുണ്ട്. മുസ്‌ലിം ലീഗും എസ്.എസ്.പിയുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നും 29 സീറ്റുകളിലാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടായിരുന്നതെന്നും ഇ.എം.എസ് തന്നെ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയതിനെപ്പറ്റിയും ഒന്നിലധികം ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്.
കാനം ഉദ്ധരിച്ച ആ പേജിൽ ഇങ്ങനെ വായിക്കാം:
“ഈ ഐക്യവും ധാരണകളും എന്തിനുവേണ്ടിയാണ്? കോൺഗ്രസിനെ അമ്പേ തോൽപ്പിച്ച് ഇടതുപക്ഷ ചായ്‌വുള്ള ഒരു ഗവൺമെൻറ് രൂപീകരിക്കാൻ. ഞങ്ങളുടെ ഈ ഉദ്ദേശം തന്നെയാണ് ചന്ദ്രശേഖരൻ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലൂടെ പ്രകടമാക്കിയിരിക്കുന്നത്. മുസ്‌ലിംലീഗും ഞങ്ങളുമായി ചില തെരഞ്ഞെടുപ്പു ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്, സ്വതന്ത്ര സ്ഥാനാർഥികളെ നിർത്താനും അവരെ സഹായിക്കാനും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്-2, ഗുരുവായൂർ, മട്ടാഞ്ചേരി ഇവിടെയൊക്കെ ഈ ധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ലീഗിനോട് സംഘടനാപരമായിത്തന്നെ ബന്ധമുള്ളവർക്കും ഞങ്ങൾ പിന്തുണ നൽകുന്നു. ഇങ്ങനെ 133 നിയോജകമണ്ഡലങ്ങളിൽ പത്തിരുപത് മണ്ഡലങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. വിമോചനസമരം നടത്തുകയും അതിന് നേതൃത്വം നൽകുകയും ചെയ്തിരുന്നവർ രൂപീകരിച്ച കർഷകത്തൊഴിലാളി പാർട്ടി, മലനാട് കർഷക യൂണിയൻ എന്നിവരുമായും ഞങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നു. വിമോചനസമരം നടത്തിയവർക്ക് അവരുടെ സ്വന്തം അനുഭവങ്ങളിൽനിന്നും ചിലത് മനസിലായി.”
1965ലെ നിയമസഭ തെരഞ്ഞെടുപ്പിെൻറ ഈ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കരുതുന്നിെല്ലന്നും അദ്ദേഹം മറച്ചു വെക്കുകയാണ് ചെയ്തതെന്നും കാനം വ്യക്തമാക്കി. സി.പി.ഐ ചൂണ്ടിക്കാട്ടിയ രാഷ്ട്രീയത്തിന് സി.പി.എം മറുപടി പറഞ്ഞപ്പോൾ ചരിത്ര വസ്തുത ഉദ്ധരിച്ചുവെന്ന് മാത്രമേയുള്ളൂവെന്നും കാനം പറഞ്ഞു. ഇത് അതൃപ്തിയും സംതൃപ്തിയും പ്രതിഷേധവും അറിയിക്കേണ്ട കാര്യമല്ലെന്നും ഇതെല്ലാം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1965ലെ തെരഞ്ഞെടുപ്പ്
1964ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.എമ്മും സി.പി.ഐയുമായി പിളർന്ന ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1965ലേത്. ചൈനീസ് ചാരന്മാരെന്ന് ആരോപിച്ച് സി.പി.എമ്മിെൻറ പ്രധാന നേതാക്കളെയെല്ലാം ജയിലിലടച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇ.എം.എസ് മാത്രമായിരുന്നു ജയിലിനു പുറത്തുണ്ടായിരുന്ന പ്രധാന നേതാവ്. ഇരുപാർട്ടികളെയും സംബന്ധിച്ചിടത്തോളം പ്രസക്തി ബോധ്യപ്പെടുത്തേണ്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. കോൺഗ്രസ് പിളർന്നു രൂപപ്പെട്ട കേരള കോൺഗ്രസും പ്രജ സോഷ്യലിസ്റ്റ് പാർട്ടി പിളർന്നുണ്ടായ എസ്.എസ്.പിയും മുസ്‌ലിം ലീഗും തെരഞ്ഞെടുപ്പിൽ പങ്കാളിയായി. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിനെയും എസ്.എസ്.പിയെയും സി.പി.എം ഒപ്പം കൂട്ടിയത്.
133 സീറ്റില്‍ മത്സരിച്ച കോൺഗ്രസ് 36 ഇടത്ത് മാത്രമാണ് വിജയിച്ചത്. 79 സീറ്റില്‍ മത്സരിച്ച സി.പി.ഐ ആകട്ടെ, മൂന്ന് സീറ്റിൽ മാത്രം വിജയം കണ്ടു. എന്നാൽ, ലീഗ്, എസ്.എസ്.പി കരുത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം മത്സരിച്ച 73ല്‍ 40ലും വിജയം വരിച്ചു. ഇതിൽ 29 പേരും ജയിലില്‍ കഴിഞ്ഞവരായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. മുസ്‌ലിം ലീഗ് 16ല്‍ 6 സീറ്റിലും എസ്.എസ്.പി 29ല്‍ 13ലും കേരള കോൺഗ്രസ് 54ല്‍ 23ലും വിജയിച്ചു. 12 സ്വതന്ത്രരും വിജയം കൈവരിച്ചു.
1967 െല തെരഞ്ഞെടുപ്പ്
സി.പി.എം, സി.പി.ഐ, എസ്.എസ്.പി, മുസ്‌ലിം ലീഗ്, ഐ.എസ്.പി, കെ.ടി.പി തുടങ്ങി ഏഴു കക്ഷികള്‍ ചേർന്ന് സപ്തകക്ഷി മുന്നണി രൂപവത്കരിച്ചാണ് 1967ൽ മത്സരിച്ചത്. കോൺഗ്രസും കേരള കോൺഗ്രസും വെവ്വേറെ കക്ഷിയായും തെരെഞ്ഞടുപ്പിനെ നേരിട്ടു. 59 സീറ്റില്‍ മത്സരിച്ച സി.പി.എം 52ല്‍ വിജയിച്ചു. സി.പി.ഐ 19ലും എസ്.എസ്.പി 19 ലും മുസ്ലിംലീഗ് 14ലും ജയിച്ചു. 15 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്. 133 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ് ഒമ്പത് സീറ്റിലേ വിജയിച്ചുള്ളൂ. ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു അത്. ഇ.എം.എസിെൻറ നേതൃത്വത്തില്‍ സപ്തകക്ഷിമുന്നണി മന്ത്രിസഭ 1967 മാര്‍ച്ച് ആറിന് അധികാരമേറ്റു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.