വടശ്ശേരിക്കര (പത്തനംതിട്ട): പെരുനാട് പഞ്ചായത്തിൽ സി.പി.എം ഓഫിസ് പിടിച്ചെടുത്തെന്ന് ബി.ജെ.പി അവകാശവാദം. വാർഡിലെ മുഴുവൻ സി.പി.എം അംഗങ്ങളും ബി.ജെ.പിയിൽ ചേർന്നെന്നും ഓഫിസ് പിടിച്ചെടുത്തെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ, തങ്ങൾ ഒഴിഞ്ഞുപോയ മുറിയിൽ ബി.ജെ.പി ഓഫിസ് തുടങ്ങുകയായിരുന്നെന്ന് സി.പി.എം പറയുന്നു.
പെരുനാട് പഞ്ചായത്തിലെ ബി.ജെ.പിയുടെ കക്കാട് വാർഡ് അംഗം അരുൺ അനിരുദ്ധന് സി.പി.എം പ്രവർത്തകരിൽനിന്ന് മർദനമേറ്റിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാർഡിലെ മുഴുവൻ സി.പി.എം അംഗങ്ങളും ബി.ജെ.പിയിൽ ചേർന്നെന്നും കക്കാട് എരുവാറ്റുപുഴയിലെ സി.പി.എം ഓഫിസ് പിടിച്ചെടുത്തെന്നും ബി.ജെ.പി അവകാശപ്പെട്ടത്.
ഇതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം ലഭിച്ചതോടെ, തങ്ങൾ ഒഴിഞ്ഞ മുറി ബി.ജെ.പി ഓഫിസാക്കി മാറ്റുകയാണുണ്ടായതെന്ന് സി.പി.എം പ്രസ്താവനയിൽ അറിയിച്ചു. മർദനമേറ്റ ബി.ജെ.പി വാർഡ് അംഗത്തിെൻറ ബന്ധുവിെൻറ കെട്ടിടത്തിലായിരുന്നു ഓഫിസ്. ഇത് ഒഴിയണമെന്ന് കെട്ടിടം ഉടമ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുറി ഒഴിയുകയായിരുന്നുവെന്നും സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.
ബി.ജെ.പി പ്രവർത്തകനും വാർഡ് അംഗവുമായ അരുൺ അനിരുദ്ധന് ഞായറാഴ്ച വൈകീട്ടാണ് സി.പി.എം ജില്ല കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. മോഹനൻ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരിൽനിന്ന് മർദനമേൽക്കുന്നത്. ഇതേതുടർന്ന് അരുണിെൻറ ബന്ധുക്കളായ സജീവ സി.പി.എം പ്രവർത്തകരിൽ ചിലർ ബി.ജെ.പിയിൽ ചേർന്നു. മർദനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകീട്ട് പെരുനാട് എരുവാറ്റുപുഴ ജങ്ഷനിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ യോഗത്തോടനുബന്ധിച്ചാണ് സി.പി.എം ഓഫിസ് പിടിച്ചെടുത്തതായി ബി.ജെ.പി അവകാശപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.