കുമളി: കുടുംബ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനെത്തിയ നേതാക്കൾ കുടുംബത്തെ ഒഴിപ്പിച്ച് വീട് പാർട്ടി ഒാഫിസാക്കിയ നടപടിയിൽ സി.പി.എം ജില്ല നേതൃത്വം ഇടപെടുന്നു. പെൺകുഞ്ഞുങ്ങളെയടക്കം ഇറക്കിവിട്ട് വീട് പിടിച്ചെടുത്ത നടപടി വിവാദമായ പശ്ചാത്തലത്തിലാണിത്. മുരുക്കടിയിലെ തർക്കഭൂമിയിൽ ബ്രാഞ്ച് കമ്മിറ്റി ഒാഫിസ് പ്രവർത്തിക്കേണ്ടെന്നും ഇതിനായി സ്ഥാപിച്ച ബോർഡ് നീക്കംചെയ്യാനും നേതൃത്വം തീരുമാനിച്ചു.
ബന്ധുക്കൾ തമ്മിലെ തർക്കത്തിനിടെ സ്ഥലം ഉടമയായ മുത്തു എന്ന സൽമാൻ സി.പി.എമ്മിെൻറയും മുത്തുവിെൻറ ബന്ധുവും കെട്ടിടത്തിലെ താമസക്കാരനുമായ മാരിയപ്പൻ സി.പി.െഎയുടെയും സഹായം തേടിയിരുന്നു. വർഷങ്ങളായി താമസിച്ചിരുന്ന കെട്ടിടത്തിൽനിന്ന് സി.പി.എം പ്രവർത്തകർ ബലമായി ഒഴിപ്പിച്ചെന്ന് മാരിയപ്പനും ഭാര്യ ശശികലയും പൊലീസിൽ പരാതി നൽകുകയായിരുന്നു.
സൽമാനിൽനിന്ന് വാടകക്കെടുത്ത കെട്ടിടത്തിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫിസിെൻറ ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. കുടിയൊഴിപ്പിക്കലിനിടെ മർദിച്ചെന്ന ശശികലയുടെ പരാതിയിൽ നാല് സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസുമെടുത്തു. സംഭവം വിവാദമായതോടെ കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹെൻറ നേതൃത്വത്തിൽ പൊലീസ് സംഘം ബുധനാഴ്ച മുരുക്കടിയിലെത്തി തെളിവെടുത്തു. ജില്ല പൊലീസ് മേധാവിയും സ്ഥലത്തെത്തി.
ബന്ധുക്കൾ തമ്മിൽ തർക്കം തുടരുന്ന കെട്ടിടത്തിൽ പാർട്ടി ഒാഫിസ് പ്രവർത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്ന് സി.പി.എം ഏരിയ സെക്രട്ടറി ആർ. തിലകൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവിടെ സ്ഥാപിച്ച ബോർഡ് നീക്കും. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള സൽമാെൻറ വിഷയത്തിൽ നീതി നടപ്പാക്കുന്നതിന് മാത്രമാണ് പാർട്ടി ഇടപെട്ടതെന്നും തർക്കം നിലനിൽക്കുന്ന ഭൂമിയിൽ പാർട്ടി ഒാഫിസ് പ്രവർത്തിപ്പിക്കുന്നത് സി.പി.എം നയമല്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ഇതിനിടെ പ്രശ്നം പരിഹരിക്കാൻ സി.പി.എം-സി.പി.െഎ നേതൃത്വം ചർച്ചയും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.