തിരുവനന്തപുരം: കേരള സർവകലാശാലയിൽ സി.പി.എം അനുകൂല അധ്യാപക സംഘടന നേതാവിന് യു.ജി.സി റെഗുലേഷൻ വ്യവസ്ഥകൾ മറികടന്ന് കരിയർ അഡ്വാൻസ്മെന്റ് സ്കീമിൽ (സി.എ.എസ്) അസോസിയറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം. സിൻഡിക്കേറ്റംഗം കൂടിയായ കേരള പഠന വിഭാഗത്തിലെ അസി. പ്രഫസർ ഡോ.എസ്. നസീബിനാണ് സ്ഥാനക്കയറ്റം. കാലടി സംസ്കൃത സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷവും അഞ്ചു മാസവും അധ്യാപകനായി സേവനമനുഷ്ഠിച്ച കാലം സി.എ.എസ് പ്രമോഷന് പരിഗണിക്കണമെന്ന നസീബിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം.
എന്നാൽ യു.ജി.സി ശമ്പള സ്കെയിലിൽ ജോലി ചെയ്ത കാലയളവ് മാത്രമേ അധ്യാപക സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ പാടുള്ളൂവെന്നാണ് യു.ജി.സി വ്യവസ്ഥ. യു.ജി.സി നിരക്കിന്റെ പകുതി തുകയിലാണ് ഡോ. നസീബ് ജോലി ചെയ്തിരുന്നതെന്ന് കാലടി സർവകലാശാല കേരള സർവകലാശാലക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അസി. പ്രഫസറായി 12 വർഷ സർവിസ് പൂർത്തിയായാലേ അസോ. പ്രഫസർ തസ്തികയിലേക്ക് പ്രമോഷന് അർഹത നേടൂ.
ഈ കാലയളവ് തികക്കാനാണ് കാലടി സർവകലാശാലയിൽ 1997 ജൂൺ പത്ത് മുതൽ 1998 നവംബർ 30 വരെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്ത കാലയളവ് സർവിസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.
യു.ജി.സി ചട്ടപ്രകാരം അസോ. പ്രഫസറായുള്ള നിയമന അപേക്ഷ പരിഗണിക്കുന്നതിന് യൂനിവേഴ്സിറ്റിയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ശിപാർശ സമർപ്പിക്കണം. സമീപകാലത്ത് വിരമിച്ച ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വെക്കാൻ വിസ്സമ്മതിച്ചിരുന്നു. അദ്ദേഹം വിരമിച്ച ശേഷം താൽക്കാലിക ചുമതല നൽകിയ ഡയറക്ടറെകൊണ്ട് ശിപാർശ ചെയ്യിച്ചാണ് പ്രമോഷൻ സിൻഡിക്കേറ്റിന്റെ മുമ്പിലെത്തിച്ചത്.
നസീബിന്റെ അപേക്ഷ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഹൈകോടതി സർവകലാശാലക്ക് നിർദേശവും നൽകിയിരുന്നു.
പ്രമോഷന് യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പ്രകാരം തടസ്സമുണ്ടെന്ന് കണ്ടതോടെ സിൻഡിക്കേറ്റ് സ്ഥിരംസമിതി വിഷയത്തിൽ നിയമോപദേശം കൂടി വാങ്ങിയാണ് അനുകൂല തീരുമാനത്തിനായി സിൻഡിക്കേറ്റിലേക്ക് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.