ഇ.പി. ജയരാജ‍ന്‍റെ ലീഗ്പ്രസ്താവന തള്ളി സി.പി.എം

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുമുന്നണിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ കൺവീനർ ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവന സി.പി.എം തള്ളി. ഇ.പിയുടെ പ്രസ്താവന അനവസരത്തിലുള്ളതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ജയരാജൻ പ്രസ്താവനകളിൽ ജാഗ്രത കാട്ടണമെന്ന് നിർദേശിക്കുകയും ചെയ്തു. ലീഗിനെ സ്വീകരിക്കുമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും യു.ഡി.എഫ് ദുർബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ഇ.പി. ജയരാജൻ യോഗത്തിൽ വിശദീകരിച്ചു. ഇടത് മുന്നണി കൺവീനറായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇ.പി ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുംവിധം പരാമർശം നടത്തിയത്. മുൻ കൺവീനർ എ. വിജയരാഘവൻ ലീഗിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. വിപുലീകരണം മുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു.

ഈ ആശയക്കുഴപ്പമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജനെതിരെ വിമർശനത്തിന് വഴിവെച്ചത്. ലീഗ് മുന്നണി മാറിവരുമ്പോൾ സ്വീകരിക്കുന്ന കാര്യം ചിന്തിക്കുമെന്നും മുന്നണി വിപുലീകരിക്കാനാണ് ഇടതു മുന്നണി ശ്രമിക്കുന്നതെന്നും ആരും പ്രതീക്ഷിക്കാത്ത പലരും ഇടത് മുന്നണിയിലേക്ക് വന്നേക്കാമെന്നും ഇ.പി പറഞ്ഞിരുന്നു.

സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇ.പി. ജയരാജൻ സി.പി.എം ഫേസ്ബുക്ക് പേജിൽ വിശദീകരണം നൽകി. ലീഗില്ലാതെയാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയതും തുടർഭരണം നേടിയതും. എൽ.ഡി.എഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽപേർ വരുന്നുണ്ട്. ഇതിൽ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്.

അത്തരത്തിൽ എൽ.ഡി.എഫ് വിപുലീകരിക്കപ്പെടും. വർഗീയ ഭീകരതക്കും ബി.ജെ.പിയുടെ ദുർഭരണത്തിനുമെതിരെ രാജ്യത്ത് വിശാല ഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ജയരാജൻ വിശദീകരിച്ചു. സ്വന്തം ഫേസ്ബുക്ക് പേജിലല്ല അദ്ദേഹം വിശദീകരണം നൽകിയതെന്നത് ശ്രദ്ധേയമാണ്.

അതേസമയം ജയരാജന്‍റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യനം ചെയ്തതാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വിശദീകരിച്ചു. മറ്റ് പാർട്ടികളെയല്ല, പാർട്ടികളിലെ ആളുകളെ എൽ.ഡി.എഫിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ബേബി പറഞ്ഞു.

Tags:    
News Summary - CPM rejects Jayarajan's League statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.