കൊല്ലം: സി.പി.എമ്മിന്റെ നയത്തിന് അകത്തുനിന്നു കൊണ്ടാണ് ’നവകരേളത്തിനുള്ള പുതുവഴികൾ’ രേഖ തയാറാക്കിയതെന്നും പാർട്ടിനയത്തിന് വിരുദ്ധമായി ഒന്നും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച രേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിവിധ സർക്കാർ സേവനങ്ങൾക്ക് വരുമാനം അനുസരിച്ച് വ്യത്യസ്ത നിരക്കിൽ സെസും ഫീസും പിരിക്കാനുള്ള നിർദേശം, പൊതുമേഖല സ്ഥാപനങ്ങളിൽ ഉൾപ്പെടെ സ്വകാര്യനിക്ഷേപത്തിന് അനുകൂലമായ നയം തുടങ്ങി രേഖയിലെ പരാമർശങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
സർക്കാർ സൗജന്യം എല്ലാവർക്കും നൽകേണ്ടതില്ല. അർഹതയുള്ളവർക്ക് മാത്രമാക്കണം. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ വിഭവസമാഹരണത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്താതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ല. സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണത്തിനുള്ള ഒരു സാധ്യത എന്ന നിലയിലാണ് മുന്നോട്ടുവെച്ചത്.
ഉടൻ അതേപടി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകൂ. വികസനത്തിന് ജനം അനുകൂലമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. വിഭവസമാഹരണത്തില്‍ ജനദ്രോഹ നിലപാട് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിക്കുശേഷം ‘നവകരേളത്തിനുള്ള പുതുവഴികൾ’ രേഖക്ക് സംസ്ഥാന സമ്മേളനം അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.