കോഴിക്കോട്: യാത്രക്കാരുടെയും വാഹനങ്ങളുടെയും വഴി തടസ്സപ്പെടുത്തി ആദായ നികുതി ഓഫിസിലേക്ക് സി.പി.എം മാർച്ച് നടത്തിയതിൽ പൊലീസ് കേസ്. പാർട്ടി ജില്ല നേതാക്കളായ പി. നിഖിൽ, കെ.കെ. ദിനേശൻ, കെ.കെ. മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, ഇസ്മയിൽ എന്നീ അഞ്ചുപേരുൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ വേദിയിൽ ജില്ല സെക്രട്ടറി എം. മെഹബൂബ് ഉണ്ടായിട്ടും അദ്ദേഹത്തിന്റെയും സമരം ഉദ്ഘാടനം ചെയ്ത പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല.
വഴി തടസ്സപ്പെടുത്തരുതെന്ന നിർദേശം ധിക്കരിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാതിരുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നതിനാലാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് നേതാക്കളുൾപ്പെടെ കണ്ടാലറിയാവുന്ന നിരവധി സി.പി.എം പ്രവർത്തകർ ടൗൺ ഹാൾ ഭാഗത്തുനിന്ന് റോഡിലൂടെ ന്യായ വിരോധമായി സംഘംചേർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും മാർഗതടസ്സം സൃഷ്ടിച്ചെന്നാണ് കേസ്.
പ്രകടനം വരുന്നത് കണ്ട്, പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും നിർദേശം ലംഘിച്ച് ആദായനികുതി ഓഫിസിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് സമരക്കാർ പ്രതിഷേധിക്കുകയായിരുന്നു. അറസ്റ്റ് ചെയ്താലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാൻ സ്ഥലത്ത് പൊലീസുകാർ ഡ്യൂട്ടിയിൽ തുടർന്നുവെന്നും എഫ്.ഐ.ആറിലുണ്ട്.
കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെയായിരുന്നു ചൊവ്വാഴ്ച നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന സി.പി.എമ്മിന്റെ ആദായനികുതി ഓഫിസ് മാർച്ച്. സമരത്തെ തുടർന്ന് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ, മാനാഞ്ചിറ എസ്.ബി.ഐ എന്നിവക്ക് മുന്നിൽ ഏറെനേരം ഗതാഗതം പൂർണമായി തടസ്സപ്പെടുകയും മറ്റു റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു.
വഞ്ചിയൂരിൽ നേരത്തേ വഴിയടച്ച് നടത്തിയ സമരത്തിലെ കോടതി ഇടപെടൽ മുന്നിൽകണ്ടാണ് പ്രമുഖ നേതാക്കളുടെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്താതിരുന്നത് എന്നും സി.പി.എം പറഞ്ഞവർക്കെതിരെ മാത്രം പൊലീസ് കേസെടുക്കുകയായിരുന്നുവെന്നും വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.