തിരുവനന്തപുരം: മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളാനിടയായ സാഹചര്യം ദേശീയതലത്തിലടക്കം ചർച്ചയാക്കാൻ സി.പി.എം. 1991ലെ വിവാദ കോ-ലീ-ബി സഖ്യത്തിെൻറ തുടർച്ചയായി തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥി ഇല്ലാത്തതുകൂടി തെരഞ്ഞെടുപ്പ് അജണ്ടയാക്കുകയാണ് നേതൃത്വം.
തലേശ്ശരിക്കും ഗുരുവായൂരിനും പുറമെ വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പിയുമായി വോട്ട് കച്ചവടമുണ്ടെന്ന ആക്ഷേപവും സി.പി.എം സ്ഥാനാർഥികൾ ഉന്നയിച്ചുതുടങ്ങിയത് ഇത് മുൻനിർത്തിയാണ്. വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിക്കുന്നെന്ന് വട്ടിയൂർക്കാവിലെ സി.പി.എം സ്ഥാനാർഥി ആരോപിച്ചു.
മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ അസ്വാഭാവികതയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിരൽ ചൂണ്ടുന്നതും രാഷ്ട്രീയ എതിരാളികൾക്കു നേരെയാണ്. യു.ഡി.എഫ്, ബി.ജെ.പി ബാന്ധവത്തിൽ ചില സംഘടനകൾക്കുകൂടി ബന്ധമുണ്ടെന്ന് വിലയിരുത്തുന്ന സി.പി.എം നേതൃത്വം അടുത്തഘട്ടത്തിൽ തുറന്നുപറയാനാണ് ലക്ഷ്യമിടുന്നത്.
ത്രിപുരയിൽ കോൺഗ്രസിനെ 'വിഴുങ്ങി' സി.പി.എമ്മിനെ അധികാരത്തിൽനിന്ന് പുറത്താക്കിയ ശേഷം അടുത്ത ലക്ഷ്യം കേരളമാണെന്ന് ബി.ജെ.പി ദേശീയ നേതാക്കൾ പറയുന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ദേശീയതലത്തിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ നവ ഉദാരീകരണ നയങ്ങൾക്കും കാർഷിക വിരുദ്ധ നിയമത്തിനുമെതിരായ പ്രക്ഷോഭങ്ങളിൽ സി.പി.എമ്മിന് നിർണായക പങ്കുണ്ട്.
ഇത് തകർക്കുന്നതിന് മുന്നോടിയായി ഒടുവിലത്തെ ഇടതുപക്ഷ ശക്തികേന്ദ്രം തകർക്കുകയാണ് ആർ.എസ്.എസ് മുഖ്യ ലക്ഷ്യമെന്നും പൊതുസമൂഹത്തിനുമുന്നിൽ വിശദീകരിക്കാനൊരുങ്ങുകയാണ്. അമിത് ഷാ ഉൾപ്പെടെ കേന്ദ്ര ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുള്ള ആർ. ബാലശങ്കറിന് സംസ്ഥാന നേതൃത്വം സ്ഥാനാർഥിത്വം ലംഘിച്ചെന്ന ആക്ഷേപത്തിെൻറ യുക്തിയും സി.പി.എം ചോദ്യം ചെയ്യുന്നു.
സി.പി.എം-ബി.ജെ.പി ഡീലെന്ന ബാലശങ്കറിെൻറ ആക്ഷേപത്തെ പിന്തുണച്ച് 1991ലെ കോ-ലീ-ബി സഖ്യത്തിെൻറ മുഖ്യസൂത്രധാരനായിരുന്നെന്നറിയപ്പെടുന്ന പി.പി. മുകുന്ദൻ രംഗത്തുവന്നത് യു.ഡി.എഫുമായുള്ള ബന്ധം മറച്ചുവെക്കാനാണെന്നും ആക്ഷേപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.