മട്ടാഞ്ചേരി: കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയുന്ന 20 പേർക്കെതിരെ കേസെടുത്തു. ഫോർട്ട് കൊച്ചി ഏരിയ സെക്രട്ടറി കെ.എം റിയാദിനെതിരെയാണ് കേസ്.
കൊച്ചിൻ കോളജിൽ തെരഞ്ഞെടുപ്പ് വിജയത്തെതുടർന്ന് കൊടി ഉയർത്തുന്നത് സംബന്ധിച്ച തർക്കമാണ് അക്രമ പരമ്പരക്ക് തുടക്കമിട്ടത്. സംഘർഷത്തിൽ പരിക്കേറ്റ് കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിക്കുകയായിരുന്നു.
നേരത്തേ കൊച്ചിൻ കോളജിലാണ് സംഘർഷം തുടങ്ങിയത്. പിന്നീട് അമ്മായിമുക്കിലും ഇരുവിഭാഗവും ഏറ്റുമുട്ടി. ഇതിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും നാല് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇവരെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർജുൻ, ശബരീഷ്, നിഖിൽ, അൻസാരി, അലിയാർ എന്നീ എസ്.എഫ്.ഐ പ്രവർത്തകരും അൽഅമീൻ, നഫീദ് എന്നിവരുൾപ്പെടെ നാല് കെ.എസ്.യു പ്രവർത്തകരുമാണ് ചികിത്സ തേടിയത്. പരിക്കേറ്റ അർജുൻ, നിഖിൽ എന്നീ എസ്.എഫ്.ഐ പ്രവർത്തകരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി ആക്രമിച്ചെന്നാണ് പരാതി.
അക്രമത്തിൽ ചികിത്സയിൽ കഴിയുന്ന അൽ റംസി, റിസ് വാൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ താഴത്തെ വാർഡിലെ വാതിൽ ചില്ലകൾ തകർത്താണ് എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിച്ചത്. ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ഭയചകിതരായി പുറത്തേക്കോടി. കുട്ടികൾ ഉൾപ്പെടെ ഭയന്ന് നിലവിളിച്ചു. ആശുപത്രി വളപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കെ.എസ്.യു പ്രവർത്തകനായ നഫീദിനെ ക്രൂരമായി മർദിച്ചതായും പറയുന്നു.
ഇത്തവണ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ കുത്തക തകർത്ത് കെ.എസ്.യു വിജയിച്ചിരുന്നു. ഇതിനെത്തുടർന്ന് കൊടിതോരണങ്ങൾ വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലെത്തിയതായാണ് പറയുന്നത്.
സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദിന്റെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെയാണ് കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എച്ച്. ഷിഹാബുദ്ദീൻ ആരോപിച്ചു. അതേസമയം കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ ആശുപത്രിയിൽ കയറി ആക്രമിച്ചതായും ഏരിയ സെക്രട്ടറി കെ.എം. റിയാദിന് നേരെ കൈയേറ്റശ്രമമുണ്ടായതായും മറുവിഭാഗവും ആരോപിച്ചു. ഏതാനും മാസം മുമ്പും ഇത്തരത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു.
മട്ടാഞ്ചേരി അസി. കമീഷണർ പി.ബി. കിരണിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.