തിരുവനന്തപുരം: ചുട്ടുപഴുക്കുന്ന കൊടുചൂടിൽ സഹനസമരവുമായി 18 നാൾ സെക്രട്ടേറിയറ്റിന് മുന്നിലെ വഴിത്തിണ്ണയിൽ കിടന്നുറങ്ങിയ നൂറുകണക്കിന് വനിതകൾ വെന്തുചാമ്പലായ മനസ്സുമായി തലസ്ഥാനം വിട്ടു. പീഡാനുഭവങ്ങൾക്കും ഉയര്‍പ്പിനും ഇടയിലുള്ള ദിവസങ്ങളിൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സർക്കാറിൽനിന്ന് ഒരു കനിവും ഉണ്ടായില്ല. പകരം ലഭിച്ചത് ഇടത് നേതാക്കളിൽ നിന്നുള്ള പരിഹാസം മാത്രം. ഒടുവിൽ കാക്കിക്കുപ്പായമെന്ന വർഷങ്ങൾ നീണ്ട സ്വപ്നങ്ങൾക്ക് അവസാന ആണിയടിച്ച്, റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ കത്തിച്ചെറിഞ്ഞ് വനിത സി.പി.ഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ വീടുകളിലേക്ക് മടങ്ങി, നിറഞ്ഞുകലങ്ങിയ കണ്ണുമായി.
പട്ടിണി കിടന്നും ചുട്ടുപൊള്ളുന്ന റോഡിൽ കണ്ണ് കെട്ടി ഉരുണ്ടും മുട്ടിലിഴഞ്ഞും കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചും കല്ലുപ്പിൽ കയറി മുട്ട് പൊട്ടിച്ചും ഒടുവില്‍ സ്വന്തം ശരീരങ്ങളിൽ റീത്തുവച്ചും 18 ദിവസം മുട്ടിപ്പായി യാചിച്ചിട്ടും സര്‍ക്കാര്‍ കണ്ട ഭാവം നടിച്ചില്ല. കണ്ണീരും ചോരത്തുള്ളികളും വീണ് സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത നനഞ്ഞിട്ടും അധികാരികൾ ചർച്ചക്ക് പോലും വിളിച്ചില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം നിയമനം നല്‍കാന്‍ കഴിയില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. ശനിയാഴ്ച രാത്രി 12ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതോടെ ഇനി എന്ത് എന്ന ചോദ്യം മാത്രമായിരുന്നു 300ലേറെ കുടുംബങ്ങളുടെ പ്രതീക്ഷയുമായി തലസ്ഥാനത്ത് സമരത്തിനെത്തിയ യുവതികളുടെ മുന്നിൽ.
കഴിഞ്ഞ ഏപ്രിൽ 20ന് ആണ് വനിത സി.പി.ഒ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരുവർഷമായിരുന്നു കാലാവധി. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഏപ്രിൽ 19ന് കാലാവധി അവസാനിച്ചപ്പോൾ 337 പേർക്കാണ് നിയമനം ലഭിച്ചത്. 2022ൽ 757, 2023ൽ 815 പേർക്ക് വീതം നിയമനം കിട്ടിയിരുന്നു. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നതിനൊപ്പം സമരം ചെയ്യാനും നേതാക്കളുടെ കാലുപിടിക്കാനുമാണ് ഇനി പഠിക്കേണ്ടതെന്ന് ഉദ്യോഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സമരക്കാരെ പരിഹസിച്ച് ഇടത് നേതാക്കൾ രംഗത്തെത്തി. സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സമരക്കാർക്ക് വാശിയല്ല, ദുർവാശിയായിരുന്നുവെന്ന് പി.കെ. ശ്രീമതിയും പ്രതികരിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 18 നാൾ സമരം ചെയ്ത വനിത സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലിവാഗ്ദാനവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി). സംഘടനയുടെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ സമരം ചെയ്ത 50 പേർക്ക് സർക്കാർ ജോലി ലഭിക്കുന്നതുവരെ ജോലി നൽകുമെന്ന് അറിയിച്ചു. സി.പി.ഒ തസ്തികയിൽ എൻട്രി ലെവലിൽ ലഭിക്കുന്ന ശമ്പളത്തിന് ഏകദേശം അടുത്ത ശമ്പളം തന്നെ അവർക്ക് നൽകുമെന്ന് കെ.സി.സിയുടെ ഇക്കോളജിക്കൽ കമീഷൻ ചെയർമാൻ കമാൻഡർ ടി.ഒ. ഏലിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.