കൊച്ചി: പോക്‌സോ കേസില്‍ പ്രതി അഞ്ജലി റിമാദേവിന് നോട്ടീസ്. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. 2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജാരയിട്ടില്ല. അമ്മക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികളുടെ വാദം.
കേസിലെ പ്രതിയായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്. അതേസമയം, രണ്ടാം പ്രതി സൈജു തങ്കച്ചനായി പൊലീസിന്‍റെ വ്യാപക തെരച്ചില്‍ നടത്തുകയാണ്. കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. റോയ് വയലാറ്റിന്‍റെ ഉടമസ്ഥതയിലുള്ള പള്ളിവാസല്‍ ആനവിരട്ടി എസ്റ്റേറ്റുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.