തൃശൂർ: സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുമായുള്ള വടംവലിയിൽ മന്ത്രിസ്ഥാനം സുരക്ഷിതമായെന്ന് ഉറപ്പായതോടെ എ.കെ. ശശീന്ദ്രൻ കൂടെനിന്നവരെ ഉപേക്ഷിക്കുന്നുവെന്ന് ആക്ഷേപം. ഇത് ശശീന്ദ്രൻ പക്ഷത്ത് വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. എൻ.സി.പി (എസ്) ചാക്കോ പക്ഷത്തിനോടും ശശീന്ദ്രൻ പക്ഷത്തിനോടും പോരടിച്ചപ്പോൾ ശശീന്ദ്രനൊപ്പം നിന്നവരെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്യുകയും സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഇക്കൂട്ടത്തിൽ സീനിയർ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, ജനറൽ സെക്രട്ടറിമാരായ റസാഖ് മൗലവി, എ.വി. വല്ലഭൻ, സെക്രട്ടറിമാരായ രഘു കെ. മാരാത്ത്, ഓട്ടൂർ ഉണ്ണികൃഷ്ണൻ എന്നിവരും ഉൾപ്പെട്ടിരുന്നു. ഇവരെല്ലാം സ്ഥാനം നഷ്ടപ്പെട്ടിട്ടും ശശീന്ദ്രനൊപ്പം നിൽക്കുകയും സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തവരാണ്.
നടപടിക്കു വിധേയരായ ശശീന്ദ്രൻപക്ഷക്കാരോടെല്ലാം ക്ഷമാപണം എഴുതിക്കൊടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നടപടി നേരിട്ടവരിൽ പലരും വിശദീകരണം എഴുതിക്കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് എ.കെ. ശശീന്ദ്രനും പി.കെ. രാജനും ആദ്യം നിലപാടെടുത്തത്. എന്നാൽ, മന്ത്രിസ്ഥാനം പോകില്ലെന്ന് ഉറപ്പായതോടെ അവർ നിലപാട് മയപ്പെടുത്തി. ക്ഷമാപണം കൊടുക്കാനുള്ള ഗ്രൂപ് നേതാക്കളുടെ നിർദേശപ്രകാരം ഓരോരുത്തരും എഴുതിക്കൊടുത്തു. എന്നാൽ, ക്ഷമ പോരാ, ഖേദം പ്രകടിപ്പിക്കണം എന്നായി നേതൃത്വത്തിന്റെ ആവശ്യം. ഖേദം പ്രകടിപ്പിച്ച് വിശദീകരണം കൊടുത്തപ്പോൾ ‘മാപ്പ്’ പറയണമെന്നായി ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.