തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പരിഷ്കരിച്ച അറബി പാഠപുസ്തകങ്ങളിലുൾപ്പെടുത്തിയ സ്ത്രീകളുടെ ചിത്രങ്ങളിൽ നിന്ന് ശിരോവസ്ത്രം (ഹിജാബ്) ഒഴിവാക്കണമെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗം. പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കാൻ ശ്രമിച്ച അംഗം പിന്നീട്, ഇക്കാര്യമാവശ്യപ്പെട്ട് എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് അറബി വിഭാഗം അസി. പ്രഫസറും സി.പി.എം അനുകൂല അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ കെ. മുഹമ്മദ് അലി അസ്കറാണ് ആവശ്യമുന്നയിച്ച് കത്ത് നൽകിയത്. കഴിഞ്ഞ 16ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ ഇത് ഉന്നയിക്കാൻ അധ്യാപകൻ ശ്രമിച്ചെങ്കിലും മന്ത്രി ശിവൻകുട്ടി തടഞ്ഞു.
കരിക്കുലം സബ്കമ്മിറ്റി അംഗീകാരം നൽകിയ പുസ്തകങ്ങളുടെ അംഗീകാരത്തിനാണ് യോഗം ചേർന്നതെന്നും മറ്റുള്ള കാര്യങ്ങൾ ഉന്നയിക്കേണ്ടതില്ലെന്നും മന്ത്രി വിലക്കുകയായിരുന്നു. ഇതോടെയാണ് പാഠപുസ്തകത്തിലെ വിയോജിപ്പുകൾ രേഖപ്പെടുത്തി അധ്യാപകൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് കത്ത് നൽകിയത്.
അറബി പാഠപുസ്തകത്തിൽ ചിത്രീകരിച്ച സ്ത്രീകളുടെ ചിത്രത്തിൽ ശിരോവസ്ത്രം നീക്കണമെന്നും അറബി ഏതെങ്കിലും വിഭാഗത്തിന്റെ ഭാഷയല്ലെന്നുമാണ് അധ്യാപകൻ വാദിച്ചത്. അഞ്ചാം ക്ലാസിലേതുൾപ്പെടെ അറബി പാഠപുസ്തകങ്ങളിലാണ് സ്ത്രീകളുടെ ചിത്രം ഹിജാബ് (ശിരോവസ്ത്രം) ധരിച്ച രീതിയിലുള്ളത്.
അറബി പാഠഭാഗങ്ങളിലെ സംഭാഷണങ്ങളിൽ ‘അസ്സലാമു അലൈക്കും’ എന്ന അഭിവാദ്യ രീതിയും മാഷാ അല്ലാ..., ഇൻഷാ അല്ലാ... തുടങ്ങിയ പ്രയോഗങ്ങളും നീക്കണമെന്നും ഇതെല്ലാം ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നതുമാണെന്നും അധ്യാപകൻ വിയോജിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്. അറബി പുസ്തകത്തിൽ ഖുർആനിലെ സൂക്തങ്ങൾ ഉദ്ധരിച്ചതിനെയും അലി അസ്കർ ചോദ്യം ചെയ്യുന്നു.
അങ്ങനെയെങ്കിൽ ബൈബിൾ, ഭഗവദ്ഗീത വചനങ്ങളും അറബി പുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് വാദം. കരിക്കുലം സബ്കമ്മിറ്റിയിലെയും സ്റ്റിയറിങ് കമ്മിറ്റിയിലെയും മറ്റ് അംഗങ്ങൾ എതിർപ്പില്ലാതെ പാഠപുസ്തകം അംഗീകരിച്ചതിനാൽ പുസ്തകം അച്ചടിക്കാൻ അയക്കുന്നതിൽ തടസ്സമില്ലെന്നാണ് എസ്.സി.ഇ.ആർ.ടി അധികൃതർ പറയുന്നത്. എ.കെ.ജി.സി.ടി മുഖപ്രസിദ്ധീകരണമായ ‘സംഘശബ്ദ’ത്തിന്റെ എഡിറ്റർ കൂടിയാണ് അലി അസ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.