കളമശ്ശേരി: സ്ഫോടനദുരന്തം നടന്ന് ഒരുമാസം തികയുന്നതിനിടെ എത്തിയ കുസാറ്റ് ദുരന്തത്തിന്റെ ഞെട്ടലിൽ കളമശ്ശേരി. ഒക്ടോബർ 29നായിരുന്നു നാടിനെ ഞെട്ടിച്ച് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പരിപാടിക്കിടെ ബോംബ് സ്ഫോടനമുണ്ടായത്. ഇതിൽ സംഭവദിവസം മൂന്നുപേരും പിന്നാലെയുള്ള ദിവസങ്ങളിൽ മൂന്നുപേരും മരിച്ചിരുന്നു.
ഇതിന്റെ ഞെട്ടൽ മാറുന്നതിനിടെയാണ് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചും സ്കൂള്‍ ഒാഫ് എൻജിനീയറിങ്ങും ചേര്‍ന്ന് സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച തുടങ്ങിയ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നടക്കാനിരുന്ന ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ കേൾക്കാൻ എത്തിയവരാണ് ദുരന്തത്തിൽപെട്ടത്. പരിപാടിക്കായി അടച്ചിട്ട ഗേറ്റ് തുറക്കുന്നതിനുമുമ്പ് മഴപെയ്തതോടെ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് പറഞ്ഞത്.
ദുരന്തവാർത്ത പുറത്തുവന്നതോടെ മെഡിക്കൽ കോളജിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. നാലുപേർ മരിച്ചതറിഞ്ഞതോടെ തങ്ങൾക്കൊപ്പമുള്ളവർ ആരായിരിക്കും എന്നറിയാൻ കുസാറ്റിൽനിന്നുള്ള വിദ്യാർഥികളും എത്തിയതോടെ കളമശ്ശേരി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനുമുന്നിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
വർഷാവർഷം നടന്നുവന്ന ടെക്ഫെസ്റ്റ് കോവിഡ് സാഹചര്യത്തിൽ മുടങ്ങുകയായിരുന്നു. പിന്നീട് മൂന്നുവർഷത്തിനുശേഷം നടത്തിയ പരിപാടിയുടെ ആവേശത്തിലായിരുന്നു വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.