കോഴിക്കോട്: വിദ്യാർഥിനികൾക്ക് കുസാറ്റ് ആർത്തവാവധി പ്രഖ്യാപിച്ചത് സ്വീകാര്യമായ തീരുമാനമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പ്രസിഡന്‍റ് ജബീന ഇർഷാദ്. ഭൂരിഭാഗം സ്ത്രീകളും ആർത്തവ ദിനങ്ങളിൽ കഠിനമായ വേദനയും പ്രയാസവും അനുഭവിക്കുന്നവരാണ്. സ്കൂളിലും കോളജിലും പോകുന്ന വിദ്യാർഥിനികൾ മാത്രമല്ല, വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവരും വീട്ടകങ്ങളിൽ രാപ്പകൽ ഭേദമന്യെ വിശ്രമമില്ലാതെ പണിയെടുക്കുന്ന സ്ത്രീകളുമൊക്കെ ആ ദിനങ്ങളിൽ
സാധാരണ ദിനങ്ങളിലനുഭവിക്കുന്നതിന്‍റെ പതിന്മടങ്ങ് ജോലിഭാരവും ശാരീരിക പ്രയാസങ്ങളും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരാണ്.
കൂടെ ജീവിക്കുന്നവരുടെ സ്നേഹവും കരുതലുമൊക്കെ ഓരോ സ്ത്രീക്കും ഏറെ ആവശ്യമാകുന്ന ദിനങ്ങൾ കൂടിയാണത്. വിദ്യാർഥിനികൾക്ക് ലീവനുവദിച്ച് കൊണ്ട് കുസാറ്റ് നടത്തിയ നീക്കം ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. അത് തൊഴിലിടങ്ങളിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിക്കേണ്ടതുമുണ്ട്.
എന്നാൽ, ആർത്തവകാരിയെ പൊതുവിടങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന ജീർണ്ണതകളിലേക്കുള്ള തിരിച്ചുപോക്കായി ഇത് മാറാതിരിക്കാൻ ജാഗ്രത വേണം. ഈ ദിനങ്ങൾ പ്രയാസങ്ങളില്ലാതെ കടന്നു പോകുന്നവർക്ക് അവധിയെടുക്കാതെ കാര്യങ്ങളിൽ ഏർപ്പെടാനും കഴിയണം. വിദ്യാർഥിനികൾക്ക് ഇത്തരം അവധികളിലൂടെ നഷ്ടപ്പെടുന്ന ക്ലാസുകൾ വീണ്ടെടുക്കാനുള്ള സംവിധാനവും ഉണ്ടാകേണ്ടതുണ്ടെന്ന് ജബീന ഇർഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.