കണ്ണൂർ: ജോലിയും നിക്ഷേപത്തിന് ലാഭവിഹിതവും വാഗ്ദാനം നൽകി ഓൺലൈൻ ആപ് അയച്ചുകൊടുത്ത് സൈബർ തട്ടിപ്പ് സംഘം യുവതിയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. മുണ്ടയാട് എളയാവൂർ സ്വദേശിനി സക്കീനയുടെ (27) പണമാണ് തട്ടിയെടുത്തത്. ജോലിയും കമീഷനും വാഗ്ദാനം നൽകി വാട്സ് ആപ് വഴി വന്ന സന്ദേശമാണ് ഇവരെ കുരുക്കിയത്.
ഡിസംബർ മൂന്നിന് യുവതിയിൽ നിന്ന് 10,500 രൂപ നിക്ഷേപമായി സ്വീകരിച്ച സംഘം, പിന്നീട് യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പ് സംഘം 6,33,000 രൂപ തട്ടിയെടുക്കുകയായിരുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ് വഴി അക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് പണം തട്ടിയത്. തുടർന്ന് തട്ടിപ്പു സംഘം ഉപയോഗിച്ച മൊബൈൽ നമ്പർ സഹിതം യുവതി പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ: എസ്.ബി.ഐയുടെ ഓൺലൈൻ ഇടപാടുകൾ നടത്തുന്ന യോനോ ആപ് ബ്ലോക്കായെന്ന് വ്യാജ സന്ദേശമയച്ച് തലശ്ശേരി എരഞ്ഞോളി സ്വദേശിയുടെ 25,000 രൂപ തട്ടി. ആപ് ബ്ലോക്കായെന്നും പാൻകാർഡ് അപ്ഡേറ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് എസ്.എം.എസ് അയച്ചാണ് 79കാരന്റെ പണം തട്ടിയത്. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
ബാങ്കിൽനിന്ന് അയക്കുന്ന സന്ദേശം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. യോനോ ആപ് ബ്ലോക്കായത് ഒഴിവാക്കാൻ പാൻ കാർഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.
ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ എസ്.ബി.ഐയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് ഓപണാകും. യൂസർ ഐ.ഡിയും പാസ്വേഡും അടിച്ച് ലോഗിൻ ചെയ്യുമ്പോൾ വെരിഫിക്കേഷനെന്ന പേരിൽ ഒ.ടി.പി കൂടി നൽകുന്നതിലൂടെയാണ് പണം നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.