തിരുവനന്തപുരം: സ്ത്രീസൗഹൃദ, മോദി ഇഫക്ട് തുടങ്ങിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ പ്രചാരണം ആരംഭിച്ചതിനു പിന്നിലെ പ്രധാനമന്ത്രിയുടെ പേരുപയോഗിച്ചും സൈബർ തട്ടിപ്പ്. ഫോണുകൾ സൗജന്യമായി റീചാർജ് ചെയ്തു കൊടുക്കുന്നു എന്നു പറഞ്ഞ് ‘പ്രധാനമന്ത്രി റീചാർജ് യോജന’ എന്ന മെസേജിലൂടെയാണ് പണം തട്ടിയത്. തിരുവനന്തപുരത്തെ യുവതിയുടെ അക്കൗണ്ടിൽനിന്ന് 1,600 രൂപ നഷ്ടമായി. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒ.ടി.പി ചോദിച്ച് സന്ദേശമെത്തി. ഒ.ടി.പി കൊടുത്തതോടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായി. പൊലീസിന്റെ സൈബർ വിഭാഗം പരാതി അന്വേഷിക്കുകയാണ്.
ലാഭത്തിന് വസ്ത്രങ്ങൾ നൽകാമെന്നു പറഞ്ഞുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായതായും പരാതിയുണ്ട്. കുറഞ്ഞ വിലയ്ക്ക് വിലകൂടിയ ചുരിദാറുകൾ എന്ന സമൂഹമാധ്യമ പരസ്യത്തിലൂടെയാണ് കെണിയൊരുക്കുന്നത്. ഓർഡർ ചെയ്യുന്നവർക്ക് ലഭിക്കുന്ന പഴകിയതും കീറിയതുമായ വസ്ത്രങ്ങൾ തിരികെ നൽകാനുള്ള പരാതിയുടെ മറവിലൂടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്.
പൈസ തിരികെ ലഭിക്കാൻ പുതിയൊരു ലിങ്കിൽ കയറി അപേക്ഷിക്കുമ്പോൾ വ്യക്തിഗത വിവരങ്ങളും ഒ.ടി.പിയും ചോദിക്കും. നൽകുന്നവരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും. അടുത്ത വർഷങ്ങളിൽ ഇത്തരം പരാതികളിൽ വൻ വർധനയാണുണ്ടായത്. 2023ൽ 23,000ത്തോളം പരാതി ലഭിച്ചപ്പോൾ 2022ൽ 13,000ആയിരുന്നു. 2021ൽ 6,700 പരാതിയാണ് ലഭിച്ചത്. 2020 വരെ 500ൽ താഴെ മാത്രം പരാതി ലഭിച്ചിരുന്ന സ്ഥാനത്താണിത്. സൈബർ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സൈബർ സുരക്ഷക്കും പൊലീസ് പ്രത്യേക സൈബർ ഡിവിഷൻ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.