തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യൂനമർദമായി വീണ്ടും ശക്തി കുറഞ്ഞു. നാളെയോടെ വടക്കൻ കേരളം - കർണാടകക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 20 പേർ മരിച്ചു. തമിഴ്നാട്ടിൽ 16 പേരും പുതുച്ചേരിയിൽ നാലുപേരുമാണ് മരിച്ചത്. തിരുവണ്ണാമലൈ അണ്ണാമലയാർ മലയിലെ ഉരുൾപൊട്ടലിൽ മണ്ണിന്നടിയിൽ കുടുങ്ങിയ ഏഴ് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. മലയടിവാരത്തിലെ വി.ഒ.സി നഗറിലെ രാജ്കുമാർ(32), ഭാര്യ മീന(26), ഗൗതം(ഒൻപത്), ഇനിയ(ഏഴ്), ബന്ധുക്കളും അയൽവാസികളുമായ മഹാ(12), വിനോദിനി(14), രമ്യ(12) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തൊടുപുഴ: ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ ഭാഗമായ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കുമളിയിൽനിന്ന് മുക്കുഴി, സത്രം വഴി ശബരിമലക്കുള്ള അയ്യപ്പഭക്തരുടെ കാനന പാത യാത്ര കാലാവസ്ഥ അനുകൂലമാകുന്നതുവരെ താൽക്കാലികമായി നിരോധിച്ചു. ശബരിമല കാനന പാതയിലും പരിസരത്തും ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.