ആലപ്പുഴ/ തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രാഥമിക കണക്കാണിത്. വിശദ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്.
പല പാടശേഖരങ്ങളിലും മടവീഴ്ചയുണ്ടായി. കൊയ്യാറായ നെല്ല് കിളിർത്തു. കാർഷികമേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ പി. പ്രസാദ് സന്ദർശിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസത്തിനിടയിലെ അതിതീവ്രമഴയിലും ഉരുൾപൊട്ടലിലും 187.88 കോടിയുടെ കൃഷിനാശമെന്ന് കൃഷിവകുപ്പ്. പ്രാഥമിക വിലയിരുത്തലാണിത്. 14 ജില്ലകളിലായി 60,519 കർഷകരുടെ 11,194 ഹെക്ടർ കൃഷിയാണ് നശിച്ചത്. ആലപ്പുഴയിലാണ് കൂടുതൽ നാശനഷ്ടം. ഇവിടെ 11,164 കർഷകരുടെ 2008.73 ഹെക്ടറിലെ കൃഷി നശിച്ചു. തൊട്ടുപിന്നിൽ കോട്ടയമാണ്. ഇവിടെ 7094 കർഷകരുടെ 1936. 23 ഹെക്ടറിലെ കൃഷിയാണ് വെള്ളം കൊണ്ടുപോയത്. കോട്ടയത്ത് 36.51 കോടിയുടെയും തൃശൂരിൽ 24.84 കോടിയുടെയും കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.