ആലപ്പുഴ: കേടായ ആട്ട തിരികെ സംഭരിക്കുന്നത് ഭാരിച്ച ചെലവാണെന്നതിനാൽ റേഷൻ വ്യാപാരികൾതന്നെ ഇത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സിവിൽ സപ്ലൈസ് കോർപറേഷന്റെ നിർദേശം. 950 കിലോഗ്രാം വീതമുള്ള 2,31,348 പാക്കറ്റ് ആട്ടയാണ് സംസ്ഥാനത്താകെ വിവിധ റേഷൻകടകളിൽ കെട്ടിക്കിടക്കുന്നത്. കവർ പൊട്ടിയതും കേടായതും ഉൾപ്പെടെയാണിത്. ഇത് തിരികെ സംഭരിക്കാനുള്ള ചെലവും സപ്ലൈകോ ഗോഡൗണുകളിൽ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് കേടായ ആട്ട റേഷൻകടകളിൽനിന്നുതന്നെ ഒഴിവാക്കണമെന്ന് നിർദേശിച്ചത്.
റേഷനായി നൽകിയിരുന്ന ഗോതമ്പിന്റെ അളവ് കുറച്ച് പകരം ആട്ട നൽകുന്നതുകൂടി സ്റ്റോക്ക് ചെയ്യുമ്പോഴാണ് റേഷൻകടകളിൽ ആട്ട കെട്ടിക്കിടക്കുന്നത്. മാസാവസാനം റേഷൻ കടകളിൽ ബാക്കിയുള്ള ആട്ടയുടെ കണക്കെടുക്കാതെ പുതിയത് അനുവദിക്കുന്നതാണ് ആട്ട കൂടുതലായി കെട്ടിക്കിടക്കാൻ കാരണം. ഗോതമ്പിന് പകരം നൽകുന്ന ആട്ട പലരും വാങ്ങുന്നില്ല. ചിലർ ഇ-പോസ് യന്ത്രത്തിൽ പതിപ്പിച്ചാലും ആട്ട വാങ്ങാതെയാണ് മടങ്ങുന്നത്. ഗോതമ്പിനുണ്ടായിരുന്നത്ര ആവശ്യക്കാർ ആട്ടക്കില്ല. ഇതും പ്രശ്നമാണ്.
ഓരോ മാസവും തുടക്കത്തിൽതന്നെ ആട്ട നൽകാത്തതാണ് കെട്ടിക്കിടക്കാൻ കാരണമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. മാസം പകുതി കഴിഞ്ഞ ശേഷമാകും ആട്ട എത്തിക്കുന്നത്. അതിനുള്ളിൽ തന്നെ മിക്കവരും റേഷൻ വാങ്ങിക്കഴിയും. ആട്ടക്ക് വേണ്ടി മാത്രമായി ആരും പിന്നീട് എത്തില്ല. ആട്ട വാങ്ങാത്തവർക്ക് അടുത്തമാസത്തെ റേഷനൊപ്പം നൽകാൻ അനുവാദമില്ല. അതിനാൽ അടുത്തമാസം റേഷൻ വാങ്ങുമ്പോൾ മുൻ മാസത്തെ ആട്ട റേഷൻകടയിൽ ഉണ്ടെങ്കിൽ പോലും വിതരണം ചെയ്യാനുമാകില്ല. മൂന്നു മാസമാണ് ആട്ടയുടെ കാലാവധിയെന്നതിനാൽ കെട്ടിക്കിടക്കുന്നതോടെ ചീത്തയായി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.