തിരുവനന്തപുരം: ഉരുൾദുരന്തത്തിന്‍റെ നീറുന്ന ഓർമകളെ അതിജീവന ചുവടുകളിൽ മറികടന്ന് വെള്ളാർമലയിലെ കുരുന്നുകൾ കലോത്സവത്തിന്‍റെ ഹൃദയം കവർന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഉള്ളുപിടയുന്ന കാഴ്ചകളുടെ വിറങ്ങലിപ്പ് മാറാത്ത നേരനുഭവങ്ങൾക്ക് ചുവടുകൾ വിരിഞ്ഞത്.
വയനാടിന്‍റെ സൗന്ദര്യവും തോട്ടം തൊഴിലാളികളുടെ ജീവിതവും വെള്ളാര്‍മല സ്‌കൂളിന്‍റെ സൗന്ദര്യവുമടക്കം പാടിയും ആടിയും അരങ്ങിലെത്തിച്ച ഇവർക്ക് ജീവനും ജീവിതം വിഴുങ്ങിയ ഉരുൾ ഭീകരതയുടെ തീവ്രത പറയുമ്പോഴും ഇടർച്ചയുണ്ടായില്ല. വീഴ്ചകളിൽനിന്ന് ഉയർത്തെഴുന്നേൽക്കാനുളള കരുത്തായിരുന്നു ഭാവത്തിലും താളത്തിലും.
വീണ, റിഷിക, അശ്വിനി, സാദിക, അഞ്ചല്‍, ശിവപ്രിയ, വൈഗ എന്നിങ്ങനെ ഏഴുപേരും ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവർ. രണ്ടുപേര്‍ ദുരന്തത്തിന്റെ ഇരകളും. റിഷികയുടെ വീട് പൂര്‍ണമായും അഞ്ചലിന്റെത് ഭാഗികമായും ഉരുളെടുത്തു. ഇവരുടെ 33 സഹപാഠികളെയാണ് ജൂലൈ 30ന് ഇരുളിന്റെ മറവിൽ ഉരുൾ കവർന്നത്. കഴിഞ്ഞവട്ടം ഒപ്പം കളിച്ചവർ പലരും ഒപ്പമില്ല. അവതരണ ശേഷം മന്ത്രിമാരായ വി. ശിവൻകുട്ടി, വീണ ജോർജ്, ജി.ആർ അനിൽ എന്നിവരടക്കം വേദിയിലെത്തി കുട്ടികളെ അനുമോദിച്ചു. സദസ്സ് നിറഞ്ഞ കയടിയോടെ ഇവരെ വരവേറ്റത്. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.