നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ മദ്യപിച്ചെത്തിയ മകനും പിതാവുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ മകന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമക്കല്‍മേട് ചക്കകാനം സ്വദേശി പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ (80) പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച ശേഷം ഗംഗാധരന്‍ മുറിയിലേക്ക് പോയി മൊബൈല്‍ ഫോണില്‍ പാട്ട് വെച്ചു. പാട്ടിന് ശബ്ദം കുറക്കണമെന്ന് രവീന്ദ്രൻ പലതവണ പറഞ്ഞിരുന്നെങ്കിലും ഗംഗാധരന്‍ ഉറങ്ങിപോയതിനാല്‍ ഇതറിഞ്ഞില്ല. തുടര്‍ന്ന് രവീന്ദ്രൻ കാപ്പിവടിയുമായി മുറിയില്‍ കയറി ഗംഗാധരനെ അടിക്കുകയായിരുന്നു.
മുറിയില്‍ നിന്നിറങ്ങിപ്പോയ രവീന്ദ്രൻ കുറെ കഴിഞ്ഞ് ചെന്നു നോക്കിയപ്പോള്‍ മകന്‍ തലയില്‍ മുറിവുമായി രക്തം വാര്‍ന്ന് ബോധരഹിതനായി കിടക്കുന്നതായി കണ്ടു. തുടര്‍ന്ന് രവീന്ദ്രന്‍ നായര്‍ അയല്‍വാസികളെ വിളിച്ചു വരുത്തി. മകന്‍ മുറ്റത്ത് മെറ്റലില്‍ തലയടിച്ചു വീണതായാണ് ഇയാൾ പറഞ്ഞത്. ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകുംവഴി ഓട്ടോ ഡ്രൈവറോടും പിന്നീട് ഡോക്ടറോടും മകനെ കാപ്പിവടി കൊണ്ട് അടിച്ച വിവരം പിതാവ് പറഞ്ഞതാണ് നിര്‍ണായകമായത്. തലയുടെ വലതു ഭാഗത്തുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് മദ്യപാനം നിര്‍ത്തിയ ശേഷം വീണ്ടും വീട്ടില്‍ സ്ഥിരതാമസമാക്കി. എന്നാല്‍ പിന്നീട് വീണ്ടും മദ്യപാനം ആരംഭിച്ച ഇയാള്‍ വീട്ടില്‍ ബഹളം വെക്കുക പതിവായിരുന്നു. ഇതേതുടര്‍ന്നായിരുന്നു വാക്കുതര്‍ക്കം.
മകനെ കാപ്പിവടി കൊണ്ട് അടിച്ചതായി പിതാവ് പൊലീസില്‍ മൊഴിനല്‍കി. പിതാവിനെ കമ്പം മെട്ട് പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. മകനെ അടിച്ച വടിയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.