‘ബെർത്ത് വില്ലേജി’ൽ ജനിച്ച കുട്ടി മരിച്ച സംഭവം; കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് വിശദീകരണംതേടി ഹൈകോടതി

കൊച്ചി: സ്വാഭാവിക പ്രസവത്തിന് താൽപര്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ‘ബെർത്ത് വില്ലേജി’ൽ ജനിച്ച കുട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ഹൈകോടതി വിശദീകരണം തേടി. കിഴക്കമ്പലത്തിനടുത്ത് തെങ്ങോടുള്ള ബെർത്ത് വില്ലേജിൽ ജനിച്ച കുഞ്ഞാണ് ഡോക്ടറുടെ സേവനവും പരിചരണവും ലഭിക്കാതെ രണ്ടു ദിവസത്തിനുശേഷം മരണപ്പെട്ടത്. കോതമംഗലം പല്ലാരിമംഗലം സ്വദേശികളായ കുഞ്ഞിന്‍റെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

വയറ്റാട്ടി (പ്രസവ ശുശ്രൂഷക) പ്രസവമെടുക്കുന്ന സ്ഥാപനത്തിലാണ് ഹരജിക്കാരിയായ യുവതി പ്രസവത്തിനെത്തിയത്. പ്രസവശേഷം പിറ്റേന്നുതന്നെ കുട്ടിയെയും മാതാവിനെയും ഡിസ്ചാർജ് ചെയ്തെങ്കിലും പിറ്റേദിവസം കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. ബെർത്ത് വില്ലേജിൽ വിളിച്ചപ്പോൾ ഡോക്ടർമാരില്ലെന്നായിരുന്നു മറുപടി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. തുടർന്നാണ് നഷ്ടപരിഹാരം തേടിയും ബെർത്ത് വില്ലേജുകൾപോലുള്ള സംവിധാനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടും ദമ്പതികൾ ഹൈകോടതിയെ സമീപിച്ചത്.

വയറ്റാട്ടിരീതി ഇപ്പോഴും കേരളത്തിലുണ്ടെന്നത് പുതിയ അറിവാണെന്ന് കോടതി വാക്കാൽ പറഞ്ഞു. വാട്സ്ആപ് വിവരങ്ങളെ വിശ്വാസത്തിലെടുത്താണ് ഇപ്പോൾ ജനങ്ങളുടെ ജീവിതം. ഏറെ പരിതാപകരമാണ് ഈ അവസ്ഥ. പ്രസവകാര്യങ്ങളിൽ മികവ് തെളിയിച്ച ആശുപത്രികളിലേക്ക് പോയാലെന്താണ് കുഴപ്പം? ഇതിന് നമ്മളെല്ലാവരും ഉത്തരവാദികളാണെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലും പൊതുസമ്പർക്ക പരിപാടികളിലും ആകൃഷ്ടരായി പാവം അമ്മമാരും മറ്റും ഇവരുടെ വലയിൽ വീഴുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആലുവ റൂറൽ എസ്.പിയെ സ്വമേധയാ ഹരജിയിൽ കക്ഷിചേർത്ത കോടതി, എന്ത് നടപടിയാണ് ഈ സ്ഥാപനത്തിനെതിരെയും മറ്റും സ്വീകരിച്ചതെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. ബന്ധപ്പെട്ട പഞ്ചായത്ത് ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ടോ എന്നറിയിക്കണം. ആവശ്യമായ അനുമതികളും ലൈസൻസുകളും ബന്ധപ്പെട്ട അധികൃതരിൽനിന്ന് ലഭിച്ചിട്ടാണോ പ്രവർത്തനമെന്നും വ്യക്തമാക്കണം. തുടർന്ന് ഹരജി വീണ്ടും നവംബർ ഒമ്പതിന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Death of a child born in 'Birth Village'; High Court seeks clarification from central and state governments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.