ഇരിട്ടി: ഒരു മാസത്തെ ഇടവേളക്കുശേഷം മലയോരം വീണ്ടും മാവോവാദി ഭീഷണിയുടെ നിഴലിൽ. നവംബർ 13ന് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി സംഘത്തിൽപ്പെട്ട കവിത (ലക്ഷ്മി) മരണപ്പെട്ടതായി വയനാട് തിരുനെല്ലിയിലെ കോളനിയിലാണ് സംഘം പോസ്റ്ററുകൾ പതിച്ചത്.
ആറംഗ സംഘമാണ് കോളനിയിലെത്തി കവിതയുടെ മരണ വിവരം അടങ്ങിയ പോസ്റ്റർ പതിച്ച് മടങ്ങിയത്. കവിതയുടെ മരണത്തിന് പകരം വീട്ടാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിട്ടുള്ളത്. നവംബർ 13ന് രാവിലെ 9.30യോടെ മാവോവാദികളും പൊലീസും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഏകദേശം രണ്ടുമണിക്കൂർ നീണ്ടുനിന്നിരുന്നു.
പിന്നീട് രാത്രിയോടെ തിരികെയെത്തിയ മാവോവാദികളുമായി വീണ്ടും ഏറ്റുമുട്ടൽ നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് സംഭവം നടന്ന് 45 ദിവസം പിന്നിടുമ്പോഴും യാതൊരു പൊലീസ് വെളിപ്പെടുത്തലുമുണ്ടായിട്ടില്ല.
ഞെട്ടിത്തോടിൽ നടന്ന ഏറ്റുമുട്ടലിൽ എട്ടോളം വരുന്ന മാവോവാദി സംഘം ഉണ്ടായിരുന്നുവെന്നും രണ്ടിൽ കൂടുതൽ ക്യാമ്പ് ഷെഡ് കണ്ടത്തിയെന്നും പൊലീസ് പറയുന്നു. എങ്കിലും ഏറ്റുമുട്ടൽ നടന്ന് 45 ദിവസം പിന്നിടുമ്പോഴും പിടിച്ചെടുത്ത ആയുധങ്ങളും രേഖകളും പൊലീസ് വെളിപ്പെടുത്താത്തത് ഏറ്റുമുട്ടലിനെ കുറിച്ചുള്ള ദുരൂഹത വർധിപ്പിച്ചിരുന്നു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് രക്തക്കറ കണ്ടതായും പൊലീസ് പറഞ്ഞിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ലാപ്ടോപ്പും ഡ്യൂട്ടി രേഖകളും മറ്റും പിടിച്ചെടുത്തു എന്ന വാർത്തകൾ വരുമ്പോഴും പൊലീസ് നിഷേധിച്ചിരുന്നില്ല. മാവോവാദികളുടെ ക്യാമ്പ് ഓഫിസിനുനേരെയുള്ള അപ്രതീക്ഷിത ആക്രമണം ആയിരുന്നു എന്നാണ് മാവോവാദി വാർത്തക്കുറിപ്പിൽ പറയുന്നത്.
വെടിയേറ്റ കവിതയെ രക്ഷപ്പെടുത്തി ചികിത്സ നൽകിയെന്നും പശ്ചിമഘട്ടത്തിൽ പൂർണ ബഹുമതികളോടെ സംസ്കരിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കവിതക്ക് എവിടെനിന്നു വൈദ്യസഹായം ലഭിച്ചു എന്നതും എവിടെയാണ് സംസ്കരിച്ചതെന്നും വെടിയേറ്റ കവിതയെ എങ്ങനെ രക്ഷപ്പെടുത്തി എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ബാരാപോൾ പദ്ധതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡി.ഐ.ജി ഉൾപ്പെടെയുള്ള പൊലീസ് സംഘം എത്തിയത് മാവോവാദി ഭീഷണിയുടെ മുൻകരുതൽ ആയി വേണം കരുതാൻ.
മാവോവാദി പക്ഷത്തെ ആൾനാശത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു എന്നുവേണം കരുതാൻ.
ൃആന്ധ്രാ സ്വദേശിനിയായ കവിത ദീർഘനാളായി മാവോവാദി കബനി ദളത്തിന്റെ പ്രവർത്തകയാണ്.
സഹപ്രവർത്തകയുടെ മരണത്തിൽ ശകതമായി തിരിച്ചടിക്കാനുള്ള മാവോവാദി ആഹ്വാനം കണക്കിലെടുത്ത് കനത്തസുരക്ഷയാണ് മലയോരത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ബാരപോൾ ഉൾപ്പെടെയുള്ള മേഖലകളിൽ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സേനകളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.