തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹമരണത്തില്‍ മ്യൂസിയം പൊലീസിന് വീഴ്ചയുണ്ടായെന്ന് പുനരന്വേഷണം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്ന സംഘം കണ്ടെത്തി. ഡി.സി.ആർ.ബി അസി. കമീഷണർ ജെ.കെ. ദിനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറും. ഒരിക്കൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച കേസായതിനാൽ പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ആവശ്യമുണ്ട്.
അസി. കമീഷണറുടെ റിപ്പോർട്ട് ലഭിച്ചശേഷം വിശദ അന്വേഷണത്തിന് കോടതിയുടെ അനുമതിയോടെ പ്രത്യേക സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ നിയോഗിക്കും. അതിലേക്ക് കടക്കുകയാണെങ്കിൽ പുതിയ തെളിവുകൾ ലഭിച്ചുവെന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒപ്പം ആദ്യം അന്വേഷിച്ചവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും അറിയിക്കണം. അതിനാൽ, കരുതലോടെയാകും പൊലീസ് നീക്കം. നാല് വർഷത്തോളമായ ദുരൂഹമരണത്തിൽ സംശയങ്ങൾ ദുരീകരിക്കാൻ പൊലീസിനായിട്ടില്ല. മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്.
തുടർന്ന് ഡി.സി.ആർ.ബി അസി.കമീഷണർ തുടരന്വേഷണ സാധ്യത പരിശോധിക്കുകയായിരുന്നു. നയനയുടേത് കൊലപാതകമല്ലെന്നും സ്വയം പരിക്കേൽപിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. എന്നാൽ, കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്നരീതിയിൽ അന്വേഷണമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.