കൊച്ചി: കോവിഡിനുശേഷം സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു. കോവിഡ് വ്യാപനം ഉണ്ടായ 2020ന് ശേഷമാണ് നിരക്ക് ഉയർന്നുതുടങ്ങിയത്. ഈവർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 1,07,231 ആണ്. 2020ൽ 86,596 പേരാണ് മരിച്ചത്. കോവിഡ് വ്യാപനം മൂർധന്യത്തിലായ 2021ൽ ഇത് 1,22,655 ആയി. 2012ൽ മരണസംഖ്യ 82,952 ആയിരുന്നു. പ്രളയം ഉണ്ടായ 2018ൽ മരിച്ചവരുടെ എണ്ണം 93,136 ആയിരുന്നു. 2019ൽ അത് 96,014 ആയി ഉയർന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71,546 ആയിട്ടുണ്ട്. കോവിഡ് വന്ന ശേഷം ഒരുമാസത്തിനകം മരിച്ചവരുടെ കണക്ക് മാത്രമാണ് കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. അതിന് ശേഷവും മരിക്കുന്നവർ ഏറെയാണെന്നാണ് മരണനിരക്കിലെ വർധന സൂചിപ്പിക്കുന്നത്. മരണനിരക്ക് കുറക്കുന്നതിന് ആരോഗ്യമേഖലയിൽ സർക്കാർ വിപുലമായ പരിപാടികൾ നടപ്പാക്കുമ്പോഴും അത് ഫലം കാണുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 75.2 ആണ് സംസ്ഥാനത്തെ ശരാശരി ആയുർദൈർഘ്യം. കോവിഡിനുശേഷം 35-55 ഇടയിൽ പ്രായമുള്ളവരുടെ മരണനിരക്ക് ഉയർന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സ്ട്രോക്, പരാലിസിസ് തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായതായി സ്വകാര്യ ഏജൻസികൾ നടത്തിയ പഠനങ്ങളിൽ പറയുന്നു.
കേരളത്തിൽ 60ന് മുകളിൽ പ്രായമുള്ളവർ മൊത്തം ജനസംഖ്യയുടെ 12.7 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് എട്ട് ശതമാനം മാത്രമാണ്. 15നും 59നും ഇടയിൽ പ്രായമുള്ളവർ 64 ശതമാനമാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് കോവിഡിനുശേഷമുള്ള പ്രശ്നങ്ങൾ കൂടുതലായി പ്രകടമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.