കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണത്തിൽ വലയുന്നു; കേരളം ഇനിയും ഞെരുങ്ങും

തിരുവനന്തപുരം: കടമെടുപ്പിനേർപ്പെടുത്തിയ നിയന്ത്രണത്തിൽ കേന്ദ്രം ഇളവ് നൽകിയില്ലെങ്കിൽ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിൽ കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാകും. ഇക്കൊല്ലത്തെ വാർഷിക പദ്ധതി പകുതി പോലും പിന്നിട്ടിട്ടില്ല. ബാക്കിയുള്ള മൂന്നു മാസത്തിൽ ഇത് ലക്ഷ്യം നേടാനിടയില്ല.

പദ്ധതി വെട്ടിക്കുറക്കുകയോ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ വേണ്ടിവരും. അടിയന്തരമായി കൊടുത്തു തീർക്കേണ്ട ബാധ്യതകളും സർക്കാറിനേറെയുണ്ട്. വിപണിയിലെ മാന്ദ്യത്തിനു പോലും സർക്കാറിന്‍റെ സാമ്പത്തിക ഞെരുക്കമാണ് പ്രധാന കാരണമെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.

ഇക്കൊല്ലം കേന്ദ്രം അനുവദിച്ച കടം ഏറക്കുറെ വാങ്ങിക്കഴിഞ്ഞു. ഡിസംബറിൽ മാത്രം 3600 കോടിയിലേറെ രൂപയാണ് പൊതുവിപണിയിൽനിന്ന് കടമെടുത്തത്. ക്ഷേമ പെൻഷൻ വിതരണം, ശമ്പള-പെൻഷൻ വിതരണം എന്നിവക്കാണ് ഇത് പ്രധാനമായും വിനിയോഗിച്ചത്. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ വഴിയെടുത്ത കടം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയാണ് കൂടുതൽ പ്രയാസം സൃഷ്ടിച്ചത്.

പൊതുകണക്ക് ഇനത്തിൽ ട്രഷറിയിലെ നീക്കിയിരിപ്പും പൊതുകടത്തിലേക്ക് ഉൾപ്പെടുത്തി. ഇതോടെയാണ് കടമെടുപ്പ് പരിധി ചുരുങ്ങിയത്. ജി.എസ്.ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തിൽനിന്ന് കിട്ടിയിരുന്ന ചിലത് നിലക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കടമെടുപ്പിന് അനുമതി തേടി കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിച്ചത്. വൈകാതെ, പ്രധാനമന്ത്രിക്ക് നിവേദനം നൽകും.

പദ്ധതി വിനിയോഗം ഇക്കുറി പരിതാപകരമായ സ്ഥിതിയിലാണ്. 39640 കോടിയുടേതാണ് ആകെ പദ്ധതി. ഇതിൽ ഞായറാഴ്ച വരെ ചെലവിട്ടത് 44.26 ശതമാനം മാത്രമാണ്. സംസ്ഥാന പദ്ധതി 22322 കോടിയുടേതായിരുന്നു. ഇതിൽ 41.34 ശതമാനമാണ് ഇതുവരെ വിനിയോഗം. 8048 കോടിയുടെ തദ്ദേശ പദ്ധതികളിൽ വിനിയോഗം 51.42 ശതമാനം. കേന്ദ്ര സഹായ പദ്ധതികൾ 9270 കോടിയുടേതാണ്. ഇതിലും 45.05 ശതമാനമേ എത്തിയുള്ളൂ.

വിവിധ മേഖലകളിലെ ഇതുവരെയുള്ള പ്രകടനം വളരെ ദയനീയമാണ്. കൃഷി അനുബന്ധ മേഖലയിൽ 2011 കോടിയുടെ 287 പദ്ധതികൾ അംഗീകരിച്ചിരുന്നു. എന്നാൽ, 35.99 ശതമാനം മാത്രമേ ചെലവിടാൻ കഴിഞ്ഞുള്ളൂ. ഗ്രാമവികസന മേഖലയിലെ 72 പദ്ധതികളിൽ 45.17 ശതമാനം, സഹകരണ മേഖലയിൽ 22.01 ശതമാനം, ജലസേചനത്തിൽ 44.23 ശതമാനം, ഊർജ മേഖലയിൽ 61.55 ശതമാനവും വ്യവസായ മേഖലയിൽ 68.75 ശതമാനവും സാമൂഹിക മേഖലയിൽ 44.2 ശതമാനവും പൊതുസർവിസിൽ 33.03 ശതമാനവുമാണ് വിനിയോഗം.

Tags:    
News Summary - Debt control of central government: Kerala is in big crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.