സ്വന്തം അധികാരപരിധിക്കുള്ളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിതം അനുദിനം മെച്ചപ്പെടുത്തുകയെന്നതാണ് ഏതൊരു സർക്കാരിന്‍റെയും പ്രാഥമിക ചുമതല. വെറുതെ മെച്ചപ്പെടുത്തുകയല്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ നികുതിയും ഫീസുകളും സെസുമൊക്കെ ചുമത്തി ജനങ്ങളുടെ പക്കൽ നിന്നും പണം ഈടാക്കിക്കൊണ്ടു തന്നെയാണ് ക്ഷേമപ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും നടത്തുന്നത്. കോടിക്കണക്കിനു മനുഷ്യർക്കുവേണ്ടി ഈ പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യാനും ഏകോപിപ്പിച്ച് നടപ്പാക്കാനും മറ്റുമായി ലക്ഷക്കണക്കിനു ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്.
സർക്കാരിന്‍റെ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടുകയും ഏതാനും ലക്ഷം വരുന്ന ജീവനക്കാരുടെ ശമ്പളവും മറ്റും മുടങ്ങാതിരിക്കാൻ കോടിക്കണക്കിന് സാധാരണക്കാർ വിട്ടുവീഴ്ചകൾ ചെയ്യണമെന്നു വന്നാൽ ജീവിതം ദുസഹമായിത്തീരും. കേരളത്തിന്‍റെ കാര്യമെടുത്താൽ 1980കളിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ തനതുനികുതി വരുമാനവും ശമ്പളം, പെൻഷൻ, പലിശ ചെലവുകളുമായി വലിയ വിത്യാസമില്ലായിരുന്നു. 1980-81ൽ ശമ്പളത്തിനും പെൻഷനും പലിശക്കുമായി 376.79 കോടി രൂപ ചെലവഴിച്ചപ്പോൾ സംസ്ഥാന സർക്കാരിന്‍റെ തനതു നികുതി വരുമാനം 336.55 കോടി രൂപയായിരുന്നു. അന്നു ശമ്പളം, പെൻഷൻ, പലിശ ചെലവുകൾക്കായി 40.24 കോടി രൂപ കടമെടുക്കേണ്ടിവന്നു.
ചെലവിന്‍റെ 10.68 ശതമാനമായിരുന്നു ഈ കടം. 1990ൽ ഈ ചെലവ് 2316.42 കോടിയും വരുമാനം 1340.34 കോടിയുമായി. ശമ്പളം, പെൻഷൻ, പലിശയും തനതു വരുമാനവും തമ്മിലെ കമ്മി 976.08 കോടി. അന്നും ഈ തുക കടമെടുത്താണ് നികത്തിയത്. ചെലവിന്‍റെ 42 ശതമാനമായിരുന്നു അന്നത്തെ കടം. അനിയന്ത്രിതമായി വർധിച്ചു കൊണ്ടിരുന്ന ഈ ചെലവ് നിയന്ത്രിക്കാൻ തുടർന്നു സംസ്ഥാനം ഭരിച്ച ഇടതുവലതു മുന്നണികൾ ശ്രമിച്ചില്ല. 2021ലെ ഓഡിറ്റ് ചെയ്ത സർക്കാർ കണക്കുകൾ പ്രകാരം ശമ്പളം, പെൻഷൻ, പലിശ ചെലവുകൾക്കു 94695.67 കോടി രൂപ ചെലവിട്ടപ്പോൾ കേരളത്തിന്‍റെ തനതു നികുതി വരുമാനം 58340.52 കോടി രൂപ മാത്രമായിരുന്നു.
ഈ ചെലവുകൾക്ക് 2021-22ൽ കടമെടുത്തത് 36355 കോടി രൂപയാണ്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിൽ ശമ്പളം 40674.56 കോടി, പെൻഷൻ 28609.04 കോടി, പലിശ 28694.24 കോടി എന്നിങ്ങനെ ആകെ 97977.84 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവിൽ പ്രതീക്ഷിക്കുന്ന തനതു സംസ്ഥാന നികുതി വരുമാനം 84883.51 കോടി രൂപ മാത്രവും. 1980 - 2024 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത് പെൻഷൻ ബാധ്യതയിലാണ്. കണക്കുകൾ ഇങ്ങനെയാണ്.
ഇനം 1980-81 2024-25 (ബജറ്റ് എസ്റ്റിമേറ്റ്) വർധനവ് (ഇരട്ടിയിൽ)
ശമ്പളം: 296.21 40674.56 136
പെൻഷൻ: 31.87 28609.04 896
പലിശ: 48.71 28694.24 588
സംസ്ഥാന തനതു നികുതി വരുമാനം: 336.55 84546.96 251
ഇതനുസരിച്ച് 1980 മുതൽ 2024 വരെയുള്ള കാലത്തു പെൻഷൻ ചെലവിലുണ്ടായ വർധന 896 ഇരട്ടിയാണ്. വരുമാനത്തിലുണ്ടായ വർധന 251 ഇരട്ടി മാത്രവും. ഈ തരത്തിലുള്ള ചെലവഴിക്കൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രത തകിടംമറിക്കുകയും ക്ഷേമപെൻഷനുകളും മറ്റാനുകൂല്യങ്ങളും മുടങ്ങാൻ ഇടയാക്കുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ വിഷമകരമാക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.