മൂന്നാർ: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം മൂന്നാറിൽ ആശങ്ക പരത്തുന്നു. വൻതുക ബാങ്ക് വായ്പയെടുത്ത് വീടുകളടക്കം നിർമിച്ചവരും ധനകാര്യ സ്ഥാപനങ്ങളുമാണ് ഒരുപോലെ വെട്ടിലായത്. മൂന്നാറിലും ദേവികുളത്തും പള്ളിവാസലിലുമായി വൻതോതിൽ വിതരണം ചെയ്ത പട്ടയം റദ്ദാക്കുന്നതോടെ തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച ആശങ്കയാണ് പ്രധാനം.
ദേവികുളത്ത് മാത്രം 49 പട്ടയമാണ് റദ്ദാകുന്നത്. മൂന്നാറിൽ ഇതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ അസാധുവാകും. പള്ളിവാസൽ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി റിസോർട്ടുകൾ സ്ഥിതിചെയ്യുന്നത് ഈ പട്ടയഭൂമിയിലാണ്.
കോടിക്കണക്കിന് രൂപയാണ് മൂന്നാർ മേഖലയിൽ പട്ടയവസ്തുവിന്റെ ഈടിന്മേൽ വിവിധ വ്യക്തികളും സ്ഥാപനങ്ങളും വായ്പ എടുത്തിരിക്കുന്നത്. പട്ടയം ഇല്ലാതാകുന്നതോടെ ഉടമസ്ഥാവകാശവും നഷ്ടമാകുമെന്ന ഭീതിയിലാണ് സാധാരണ ജനങ്ങൾ.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച പട്ടയം നഷ്ടമായതിന് ആരോട് പരാതിപ്പെടണമെന്നുപോലുമറിയാതെ വിഷമിക്കുകയാണ് നാട്ടുകാർ. സർക്കാർ തീരുമാനത്തിൽ സി.പി.എം, സി.പി.ഐ കക്ഷികൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.
പട്ടയം ലഭിച്ച സാധാരണക്കാർ തെറ്റുകാരല്ലെന്നും അതുകൊണ്ട് അവർക്ക് പട്ടയം അനുവദിക്കണമെന്നും മുൻ എം.എൽ.എ എ.കെ. മണി ആവശ്യപ്പെട്ടു. ദേവികുളം താലൂക്കിലെ ഭൂമിപതിവ് കമ്മിറ്റി അംഗീകരിച്ച് വിതരണം ചെയ്ത പട്ടയമാണ് ലഭിച്ചതെന്നും ചില ആരോപണങ്ങളുടെ പേരിൽ തങ്ങളെ ബലിയാടാക്കരുതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്ക് ആകെയുള്ള സമ്പാദ്യമാണ് നഷ്ടപ്പെടുന്നത്. പട്ടയം റദ്ദുചെയ്യുന്നതിനുമുമ്പ് തങ്ങളുടെ ആശങ്കക്കുള്ള പരിഹാരംകൂടി സർക്കാർ പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.
രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്. രവീന്ദ്രന്‍പട്ടയങ്ങള്‍ തിരിച്ചുവാങ്ങി അര്‍ഹരായവര്‍ക്ക് സാധുതയുള്ള പുതിയ പട്ടയങ്ങള്‍ നല്‍കുക മാത്രമാണ് ഉദ്ദേശിക്കുന്നത്.
രണ്ടുമാസത്തിനകം പുതിയ പട്ടയം നൽകും. രവീന്ദ്രന്‍പട്ടയം കൈവശം വെച്ചതുകൊണ്ട് ആര്‍ക്കും ഒരു കാര്യവുമില്ല. രവീന്ദ്രൻപട്ടയം ഇടത് സർക്കാറിന്റെ തെറ്റായ തീരുമാനമായിരുന്നു. അതു തിരുത്തുകയാണ് ചെയ്യുന്നത്.
നിയമസാധുതയില്ലാത്തതിനാല്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കാനും മറ്റും ആളുകള്‍ വലയുകയാണ്. ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയാണ്. നികുതി അടക്കാനും കഴിയുന്നില്ല. ഒരു ഉപകാരവുമില്ലാതെ വലിയ വിഭാഗം ആളുകളുടെ കൈയില്‍ ഇരിക്കുന്ന പട്ടയം റദ്ദാക്കി പുതിയ പട്ടയം നല്‍കാനുള്ള നടപടികളാണ് തുടരുന്നത്.
ഇതു പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സാധുതയുള്ള പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ 2019ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ ആരംഭിച്ചത്. മൂന്നാറിലെ സി.പി.എം ഓഫിസിന് പട്ടയത്തിന് അര്ഹതയുള്ളതുകൊണ്ടാകും പതിച്ചുകൊടുത്തത്. പുതുക്കി നൽകുന്നതിന് തടസ്സമില്ല.
പാർട്ടി ഓഫിസുകളുടെയും വൻകിട നിർമിതികളുടെയും കാര്യത്തിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. അനാവശ്യവിവാദമുണ്ടാക്കേണ്ട കാര്യമില്ല. നേരത്തേ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുള്ളതാണ്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തേയുള്ള നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ: താൻ നൽകിയ പട്ടയം റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തിനുപിന്നിൽ ഇടുക്കിയിലെ സി.പി.എം-സി.പി.ഐ പോരാണെന്ന് ദേവികുളം മുൻ ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ. സി.പി.എം പാർട്ടി ഓഫിസ് അനധികൃതമാണെന്ന് ചിത്രീകരിച്ച് പട്ടയം റദ്ദാക്കാനാണ് സി.പി.ഐ നീക്കം. എം.എം. മണിയെ ലക്ഷ്യമാക്കിയാണ് സി.പി.ഐ കളിക്കുന്നതെന്നും രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
പട്ടയങ്ങൾ റദ്ദാക്കാനുള്ള നീക്കം തെറ്റാണ്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്താണ് ഇത്ര സങ്കീർണമായ വിഷയത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് ഉറപ്പുണ്ട്. മുമ്പൊരിക്കൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രവീന്ദ്രൻ പട്ടയങ്ങൾ അംഗീകരിക്കണമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല.
അപേക്ഷ താലൂക്ക് ഭൂമി പതിവ് കമ്മിറ്റിയും കലക്ടറും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എം. മണിക്ക് മൂന്നാറിലെ 25 സെന്റിന് പട്ടയം നൽകിയത്. വീട് വെക്കാനും കൃഷിക്കുമെന്ന് പറഞ്ഞാണ് കൊടുത്തത്. എന്നാൽ, അവിടം പാർട്ടി ഓഫിസും ഓഫിസിന്റെ ഒരുഭാഗം റിസോർട്ടുമാക്കി. ഇത്തരം നിയമലംഘനം വ്യാപകമായി നടന്നിട്ടുണ്ട്. സി.പി.ഐയുടെ കൈവശം ഒമ്പതുസെന്റ് സർക്കാർ സ്ഥലം ഇപ്പോഴുമുണ്ട്. റവന്യൂ വകുപ്പ് അത് തിരിച്ചെടുത്തിട്ടില്ല.
താൻ ഒപ്പിട്ട് നൽകിയ യഥാർഥ പട്ടയങ്ങൾ ക്രമവത്കരിക്കണമെന്നാണ് കലക്ടർക്ക് വിജിലൻസ് നൽകിയ റിപ്പോർട്ട്. പട്ടയം റദ്ദാക്കാനുള്ള തീരുമാനം നിയമപ്രശ്നങ്ങൾക്കും അഴിമതിക്കും വഴിവെക്കും. പട്ടയം റദ്ദാക്കി രണ്ടുമാസത്തിനകം പുതിയത് നൽകുമെന്നാണ് പറയുന്നത്.
അഞ്ചുവർഷംകൊണ്ട് പോലും ഇത് നടക്കില്ല. താൻ നൽകിയത് വ്യാജ പട്ടയമാണെന്ന് പറഞ്ഞ സുരേഷ് കുമാറിന് അതിൽ ഒന്നുപോലും റദ്ദാക്കാൻ കഴിഞ്ഞില്ല. സുരേഷ്കുമാറിന്റെ വാക്കുകേട്ടാണ് വി.എസ്. അച്യുതാനന്ദനും പട്ടയം വ്യാജമാണെന്ന് പറഞ്ഞതെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.
രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള റവന്യൂവകുപ്പ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായ എം.എം. മണി. ദേവികുളത്തെ സി.പി.എം പാർട്ടി ഓഫിസ് തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല.
പട്ടയം ലഭിക്കുന്നതിന് മുമ്പും പാര്‍ട്ടി ഓഫിസ് അവിടെയുണ്ട്. പട്ടയം കിട്ടിയശേഷം പണിതതല്ല. റദ്ദാക്കുന്നതിനോട് യോജിപ്പില്ല. പട്ടയമൊന്നും രവീന്ദ്രൻ ചുമ്മാ മുട്ടിൽ വെച്ച് എഴുതി നൽകിയതല്ല. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്തതാണ്.
റദ്ദാക്കിയതെന്തിനാണെന്ന് റവന്യൂ വകുപ്പിനോടും മന്ത്രിയോടും ചോദിക്കണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചശേഷമേ കൂടുതൽ പറയാൻ കഴിയൂ. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാൻ ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ജനം തെരുവിലിറങ്ങും. സാധാരണക്കാരെയാണ് തീരുമാനം ബാധിക്കുക. അവിടെയൊന്നും വൻകിടക്കാരില്ലെന്നും മണി പറഞ്ഞു.
രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള റവന്യൂ വകുപ്പ് തീരുമാനത്തിനെതിരെ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ ഇടുക്കി ജില്ല നേതൃത്വം രംഗത്ത്. എല്ലാ പട്ടയവും റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.
വ്യാജപട്ടയം ഉണ്ടെങ്കിൽ കണ്ടെത്തണം. അർഹരായവരുടെ പട്ടയം ക്രമവത്കരിച്ച് നൽകാൻ നടപടി വേണം. വ്യാജപട്ടയം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ശിവരാമൻ പറഞ്ഞു.
പാലക്കാട്: രവീന്ദ്രൻ പട്ടയം സർക്കാർ റദ്ദാക്കിയതിനെതിരെ മുൻ റവന്യൂ മന്ത്രി കെ.ഇ. ഇസ്മയിൽ. ഈ പട്ടയങ്ങളിൽ ബഹുഭൂരിപക്ഷവും തികച്ചും അർഹരായവർക്കാണ് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അനധികൃത പട്ടയങ്ങൾ പരിശോധിക്കണം. സി.പി.എം ഓഫിസിനും പട്ടയം നൽകി. ആ വിഷയം അന്നുതന്നെ ചോദിച്ചിരുന്നു. സി.പി.എം ഓഫിസിനുമാത്രം 20 സെന്റിന് പട്ടയം നൽകി.
ബാക്കിയെല്ലാം അഞ്ച് സെന്റിൽ താഴെ ഭൂമിക്കാണ് പട്ടയം നൽകിയത്. മന്ത്രിയായിരുന്ന സമയത്ത് നൽകിയ എല്ലാ പട്ടയങ്ങളും നിയമപ്രകാരമാണ്. രവീന്ദ്രൻ പിന്നീട് അനധികൃതമായി പട്ടയം നൽകിയോ എന്ന് പരിശോധിക്കണം. വി.എസിന്റെ മൂന്നാർ ഓപറേഷൻ തെറ്റായിരുന്നു.
അത് എൽ.ഡി.എഫുതന്നെ വിലയിരുത്തിയതാണ്. ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല. അന്ന് പട്ടയം നൽകിയതിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇസ്മയിൽ പറഞ്ഞു.
കോട്ടയം: രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കണമെന്നാണ് യു.ഡി.എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടതാണ്. അനധികൃത പട്ടയങ്ങളാണ് ഇവയെല്ലാം. ഓരോന്നും പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്നവ റദ്ദാക്കണം. നിയമപരമായ പട്ടയങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.