കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ അടിസ്ഥാനത്തില്‍ പുതിയ സ്കൂള്‍ അനുവദിക്കുന്നതും അപ്ഗ്രഡേഷൻ നൽകുന്നതും സംബന്ധിച്ച വിജ്ഞാപനം ഉടൻ. വിദ്യാഭ്യാസ ആവശ്യകത കണ്ടെത്തുന്നതിെൻറ ഭാഗമായ നടപടി പൂർത്തിയായ സാഹചര്യത്തിൽ അടുത്ത ദിവസംതന്നെ വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന് പിന്നാലെ 2011ല്‍ സംസ്ഥാന സര്‍ക്കാറും നിയമം ഉണ്ടാക്കിയെങ്കിലും നടപ്പാക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്.
പുതിയ സ്കൂള്‍ അനുവദിക്കലും അപ്ഗ്രഡേഷനും സംബന്ധിച്ച് അനിവാര്യ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി 2015 ജൂൺ 18ന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ അവകാശം നടപ്പാക്കുന്നതിന് സർക്കാർ മുന്‍ഗണന നല്‍കുമെന്നും കൂടുതല്‍ സമയം തേടി സമീപിക്കില്ലെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും സർക്കാർ പലതവണ കൂടുതൽ സമയം തേടി കോടതിയെ സമീപിച്ച് സമയം നീട്ടി വാങ്ങി. 2017 മാർച്ച് 15നകം ഉത്തരവ് നടപ്പാക്കണമെന്ന് അവസാനം കോടതി അന്ത്യശാസനം നൽകി. എന്നിട്ടും സർക്കാറിന് ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, ഇതിനുശേഷവും പല തവണ കൂടുതൽ സമയം ആവശ്യപ്പെടുന്ന അപേക്ഷ കോടതിക്ക് നൽകുകയും ചെയ്തു. ഹരജികൾ 19ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിജ്ഞാപനം വരുന്നത്.
വിദ്യാഭ്യാസ ആവശ്യകത കണ്ടെത്തുന്നതിെൻറ ഭാഗമായി ഓരോ പഞ്ചായത്തിലെയും 14 വയസ്സുവരെയുള്ളവരുടെ കണക്കെടുപ്പ്, വില്ലേജ് വിദ്യാഭ്യാസ രജിസ്റ്റര്‍ തയാറാക്കൽ, സ്കൂളുകള്‍ തമ്മിലെ അകലം കണക്കാക്കുന്ന സ്കൂള്‍ മാപ്പിങ് എന്നീ നടപടികളാണ് വിജ്ഞാപനത്തിന് മുമ്പ് കോടതി നിർദേശിച്ചിരുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാകുംവരെ പുതിയ സ്കൂളുകളോ എൽ.പിയുടെ ഭാഗമായി അഞ്ചാം ക്ലാസും യു.പിയുടെ ഭാഗമായി എട്ടാം ക്ലാസും ഉള്‍പ്പെടെ അപ്ഗ്രഡേഷനോ അനുവദിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിദ്യാഭ്യാസ ആവശ്യം നിലനിൽക്കുന്ന പ്രദേശം വ്യക്തമാക്കിയാകും വിജ്ഞാപനം. ഇതിനുശേഷം അപേക്ഷ ക്ഷണിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാവും സ്കൂളുകൾക്കും ക്ലാസുകൾക്കും അനുമതി നൽകുക. വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിെൻറ ഒരുഘട്ടമായി ഇതിനെ പരിഗണിക്കാം. 25 വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന സ്കൂൾ അപ്ഗ്രേഡ് ചെയ്യൽ നടപടികൾക്കും ഇത് ഉൗർജം പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.