തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി വിശദമായ സർവേ റിപ്പോർട്ട് തയാറാക്കാൻ നിർദേശം. കൈവശങ്ങൾ സംയുക്ത സംഘം പരിശോധിച്ചശേഷം ജനുവരി 15നകം അർഹരായവരെ ഉൾപ്പെടുത്തി വിശദപട്ടിക തയാറാക്കും. പുനലൂർ, പത്തനാപുരം, അടൂർ, കൊട്ടാരക്കര നിയമസഭ മണ്ഡലങ്ങളിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നോടിയായിട്ടാണ് യോഗം വിളിച്ചത്.
തുടർപ്രവർത്തനം വേഗത്തിലാക്കാൻ കൊല്ലം കലക്ടറെ ചുമതലപ്പെടുത്തി. കൈവശ ഭൂമിയുടെ വിസ്തീർണം കണക്കാക്കാനും സർവേ നടപടി പൂർത്തീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജനുവരി 15ന് വീണ്ടും യോഗം ചേർന്ന് നടപടി വിലയിരുത്തും. പുനലൂർ താലൂക്കിലെ തെന്മല, ഇടമൺ, ആയിരനല്ലൂർ, കരവാളൂർ, അഞ്ചൽ വില്ലേജുകളിൽ കൂടിയുള്ള കെ.ഐ.പി കനാലിന്‍റെ പുറമ്പോക്കിൽ ഭൂമി കൈവശംവെച്ചിട്ടുള്ളവരുടെയും തെന്മല കുളത്തൂപ്പുഴ വില്ലേജുകളിലെ കെ.ഐ.പി ലേബർ കോളനിയിൽ താമസിക്കുന്നവരുടെയും പ്രശ്നങ്ങളും ചർച്ച ചെയ്തു.
കനാൽ പുറമ്പോക്കിൽ ഭൂമി കൈവശം വെച്ചിട്ടുള്ളവർക്ക് പട്ടയം അനുവദിക്കണമെന്നും വിഷയത്തിൽ റവന്യൂ, ജലസേചന മന്ത്രിമാരുടെ സംയുക്തയോഗം ചേരണമെന്നുമാവശ്യപ്പെട്ട് പി.എസ്. സുപാൽ എം.എൽ.എ നേരത്തെ കത്തുനൽകിയിരുന്നു. ഇതോടൊപ്പം പത്തനാപുരം, കൊട്ടാരക്കര, അടൂർ താലൂക്കുകളിൽ ഉൾപ്പെട്ട അപേക്ഷകളും പരിഗണിച്ചു. പുനലൂർ താലൂക്കിലെ തെന്മല (378), ഇടമൺ (281), ആയിരനല്ലൂർ (18), കരവാളൂർ (90) അഞ്ചൽ (05) എന്നിവിടങ്ങളിലായി 772 കൈവശക്കാർക്കാണ് പട്ടയം നൽകേണ്ടത്.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, റവന്യൂ ജോയന്‍റ് കമീഷണർ, കൊല്ലം കലക്ടർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.